ഹെൽമറ്റിട്ട് ജോലി ചെയ്ത് സർക്കാർ ജീവനക്കാർ; കാരണമിതാണ്

0
239

തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ ആർക്കായാലും പണി കിട്ടും. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്.

തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ബീർപൂർ മണ്ഡലിലെ മണ്ഡല് പരിഷത്ത് ഡെവലപ്മെന്റ് (എംപിഡിഒ) ഓഫീസിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഏകദേശം 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്നുവീണുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പെയ്ത ശക്തമായ മഴയും പ്രളയവുമെല്ലാം കെട്ടിടത്തിന്റെ അവസ്ഥ കൂടുതൽ മോശമാക്കി. കോൺക്രീറ്റ് കഷ്ണങ്ങളും കമ്പികളും തലയിൽ വീഴാതിരിക്കാനാണ് ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാർ പറയുന്നു. അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരിക്കേൽക്കാതെ കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.

‘എപ്പോഴാണ് മേൽക്കൂരയുടെ ഒരു ഭാഗം ഞങ്ങളുടെ മേൽ പതിക്കുന്നതെന്ന് അറിയാതെ പേടിച്ച് ജീവൻ കൈയിൽ പിടിച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രശ്നം പലതവണ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. ഇത്രയും ഗുരുതരമായ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് മേലധികാരികളോട് അഭ്യർത്ഥിക്കുന്നു. മഴക്കാലം തുടങ്ങിയത് മുതൽ ഹെൽമറ്റ് ധരിച്ചാണ് ഞങ്ങൾ ഓഫീസിലെ ജോലികൾ ചെയ്യുന്നത്,’ ജീവനക്കാരിലൊരാൾ പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്കും അപകടം സംഭവിക്കാം. ഇക്കാരണം കൊണ്ട് അപേക്ഷകർക്ക് വേണ്ടി സുരക്ഷിതമായ സ്ഥലത്ത് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here