മഞ്ചേശ്വരം: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് തടസ്സപ്പെട്ട ഹൊസങ്കടി ടൗണിലെ ദേശീയപാതാ നിർമാണജോലികൾ പുനരാരംഭിച്ചു. രണ്ടാഴ്ചയിലേറെയായി മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം ടൗണിൽ നിർമാണ ജോലികൾ നടന്നിരുന്നില്ല. ടൗണിൽ നിർമിക്കുന്ന വി.ഒ.പി.യുടെ ഭാഗമായുള്ള പാലത്തിന്റെ നിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിരുന്നു. മഴ ശക്തമായതോടെ തെക്ക് ഭാഗത്ത് നിർമാണം നടക്കുന്ന ഭാഗത്ത് പകുതിയിലേറെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. മഴ കുറഞ്ഞതോടെ വി.ഒ.പി.യിലൂടെ വാഹനങ്ങളെ കടത്തിവിടാൻ തുടങ്ങി. പാലം നിർമിക്കുന്നതിന് മുൻപ് ആനക്കല്ല് ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾക്ക് കടന്നുപോകാൻ താത്‌കാലികമായുണ്ടാക്കിയ റോഡ് അടയ്ക്കുകയും ഈ ഭാഗത്ത് റോഡ് പുതിയ പാതയോളം താഴ്ത്തുന്ന ജോലിയും തുടങ്ങി.
ഇതുവഴി വെള്ളമൊഴുക്കി വിട്ട് തെക്കുഭാഗത്ത് റോഡിൽ കെട്ടിനിൽക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കുകയാണ്. വി.ഒ.പി നിർമാണത്തിനായി ടൗണിലെ ട്രാഫിക് സർക്കിൾ പൊളിച്ചതും ദേശീയപാതയോട് ചേർന്ന് റെയിൽവേ ലെവൽക്രോസ് ഉള്ളതും ടൗണിൽ നിരന്തരം ഗതാഗതതടസ്സത്തിന് കാരണമാകുന്നുണ്ട്. വൈകുന്നേരങ്ങളിൽ ടൗണിൽ ഗതാഗതക്കുരുക്ക് പതിവാകുകയാണ്.