വർഗീയ സംഘർഷത്തിന് പിന്നാലെ വിഎച്ച്പിയേയും ബജ്റം​ഗ് ദളിനേയും വിലക്കണമെന്ന് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ

0
189

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലെ വര്‍ഗീയ സംഘര്‍ത്തിന് പിന്നാലെ സംസ്ഥാനത്ത് വിഎച്ച്പിയുടേയും ബജ്റം​ഗ് ദളിന്‍റേയും എല്ലാ പ്രവര്‍ത്തനങ്ങളും വിലക്കണമെന്ന ആവശ്യവുമായി ഖാപ് പഞ്ചായത്തുകള്‍. നേരത്തെ മുസ്ലിം വിഭാഗത്തെ ബഹിഷ്കരിക്കണമെന്നും കലാപത്തിന് പിന്നാലെയുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കുന്നതായും ചില ഖാപ് പഞ്ചായത്തുകള്‍ അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 90ല്‍ അധികം ഖാപ് പഞ്ചായത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത വര്‍ഷം നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഖാപ് പഞ്ചായത്തുകളുടെ തീരുമാനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനിടെയാണ് വിശ്വ ഹിന്ദു പരിഷത്തിന്‍റെയും ബജ്റം​ഗ് ദളിന്‍റേയും എല്ലാ പ്രവര്‍ത്തനങ്ങളേയും വിലക്കണമെന്ന് ചില ഖാപുകള്‍ ആവശ്യപ്പെടുന്നതെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

അതേസമയം ഭാരതീയ കിസാന്‍ മസ്ദൂര്‍ യൂണിയന് കീഴില്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച മഹാ പഞ്ചായത്ത് വിളിച്ച് ചേര്‍ത്തിരുന്നു. ഹിസാറിലെ ബാസ് ഗ്രാമത്തിലായിരുന്നു മഹാ പഞ്ചായത്ത് നടന്നത്. ചിലര്‍ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചതായാണ് മഹാപഞ്ചായത്ത് സംഘാടകന്‍ സുരേഷ് കോത്ത് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് വാദിക്കുന്നരുണ്ട്. ഈ ആവശ്യത്തെ എതിര്‍ക്കുന്നു. അത്തരക്കാരോട് മുസ്ലിം സഹോദരങ്ങളെ തടയാന്‍ വെല്ലുവിളിക്കുന്നതായും സുരേഷ് കോത്ത് പ്രതികരിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനായി മഹാപഞ്ചായത്തില്‍ പ്രമേയം പാസാക്കി.

മോനു മാനേശ്വറിന്‍റെയും ബിട്ടു ബജ്രംഗിയുടേയും അറസ്റ്റില്‍ പക്ഷം പിടിക്കാതെ അന്വേഷണം നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കലാപത്തെ രൂക്ഷമാകുന്ന രീതിയില്‍ പ്രസംഗിച്ചവരേയും വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഖാപ് നേതാക്കള്‍ നൂഹില്‍ സന്ദര്‍ശനം നടത്തും.

സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തുന്നതിനായി പ്രാദേശികരായ ഇരുവിഭാഗങ്ങളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നടത്തുമെന്നും ഖാപ് നേതാക്കള്‍ വിശദമാക്കി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ധ്രുവീകരണ ശ്രമങ്ങള്‍ ചെറുക്കാനാണ് വിഎച്ച്പിയേയും ബജ്റം​ഗ് ദളിനേയും സംസ്ഥാനത്ത് വിലക്കണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് ഖാപുകള്‍ ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here