ഷോപിയാൻ: വിക്കറ്റ് കീപ്പർ ബാറ്ററായ സർഫറാസ് ഖാന് കല്യാണം. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനി റൊമാനയാണ് വധു. മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലും ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിലും കളിക്കുന്ന താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ താരവും ചിത്രം പങ്കുവെച്ചു. ഇതോടെ പ്രമുഖ ക്രിക്കറ്റർമാരടക്കം നിരവധി പേർ ആശംസകളുമായെത്തി. സൂര്യകുമാർ യാദവ്, തിലക് വർമ, ഉംറാൻ മാലിക്, ആവേശ് ഖാൻ, റുതുരാജ് ഗെയ്ക്ക്‌വാദ്, അക്‌സർ പട്ടേൽ, ഖലീൽ അഹ്മദ്, അഭിഷേക് പെരോൽ തുടങ്ങിയവരൊക്കെ ആശംസകൾ നേർന്നു. ഡൽഹി ക്യാപിറ്റൽസും ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ താരം ആശംസകൾ അറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സർഫറാസ് ഖാന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നൽകാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കല്യാണ വേളയിലും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചു. ‘കശ്മീരിൽ നിന്ന് കല്യാണം കഴിക്കുമെന്നതായിരുന്നു ദൈവ നിശ്ചയം, ഇന്ത്യയ്ക്കായി ഞാൻ കളിക്കുമെന്ന് ദൈവ നിശ്ചയമുണ്ടെങ്കിൽ തീർച്ചയായും കളിക്കും’ പ്രാദേശിക ചാനലിനോട് സംസാരിക്കവേ സർഫറാസ് പറഞ്ഞു.
Sarfaraz Khan gets married in private ceremony in Kashmir | Sports Today#sarfarazkhan #merrige #cricket #delhicapitals #indiancricket #khan #kaşmir #mumbai #sports #sportstoday @sarfankhan97 pic.twitter.com/OG1L9ZZ7Y0
— Sports Today (@SportsTodayofc) August 6, 2023
37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3505 റൺസ് താരം നേടിയിട്ടുണ്ട്. 13 സെഞ്ച്വറികൾ നേടിയ സർഫറാസിന് 79.65 ശരാശരിയമുണ്ട്. പുറത്താകാതെ അടിച്ചുകൂട്ടിയ 301 റൺസാണ് ഉയർന്ന സ്‌കോർ. ലിസ്റ്റ് എ ക്രിക്കറ്റിൽ 39.08 ശരാശരിയിൽ 26 മത്സരങ്ങളിൽ നിന്നായി 469 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളുമുണ്ട്.
2022-23 രഞ്ജി ട്രോഫി സീസണിൽ 92.66 ശരാശരിയിൽ 556 റൺസടിച്ചിരുന്നു ഈ വിക്കറ്റ് കീപ്പർ ബാറ്റർ. ആറു മത്സരങ്ങളിൽ നിന്ന് മൂന്നു സെഞ്ച്വറിയും നേടി. 2022ൽ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായിരുന്നു മുംബൈ ബാറ്റർ. ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 122.75 ശരാശരിയിൽ 982 റൺസാണ് സർഫറാസ് സ്വന്തം പേരിലാക്കിയത്. നാലു സെഞ്ച്വറികളും നേടി.