റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം.
അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗിക്കാം. ഇ-വിസ എട്ട് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും.
വിസിറ്റര്‍ ഇ-വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതുപയോഗിച്ച് ഒന്നിലേറെ തവണ രാജ്യം സന്ദര്‍ശിക്കാനും 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും സാധിക്കും. 2019ല്‍ സൗദി അറേബ്യ ഇ-വിസ പദ്ധതിക്ക് തുടക്കമിട്ട ശേഷം 2022ല്‍ രാജ്യത്തെത്തിയത് 9.35 കോടി സന്ദര്‍ശകരാണ്. 2021നേക്കാള്‍ 93 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
അതേസമയം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാനാകുക.
Saudi Arabia welcomes the world by expanding the issuance of visit visas to 8 new countries and facilitating the visa issuance procedures, either electronically or at KSA ports, in order to offer an unforgettable travel experience.#MinistryofTourism pic.twitter.com/ypOmSP6Kcp
— وزارة السياحة (@Saudi_MT) August 6, 2023
റഷ്യയിലേക്ക് ഉദ്ദേശിച്ച യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസ അനുവദിക്കാന്‍ നാല് ദിവസമാണ് വേണ്ടത്. വിസ ലഭിക്കാന്‍ അപേക്ഷകര്‍ 40 ഡോളര്‍ (ഏകദേശം 3300 രൂപ) ആണ് കോണ്‍സുലാര്‍ ഫീസ് നല്‍കേണ്ടത്. വിനോദസഞ്ചാരം, ബിസിനസ് ട്രിപ്പുകള്‍, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നിവയ്ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള വിസയുടെ കാലാവധി 60 ദിവസമാണ്. ഈ വിസ ഉപയോഗിച്ച് 16 ദിവസം വരെ രാജ്യത്ത് താമസിക്കാനാകും.