ചെന്നൈ: തമിഴ്നാട്ടിലെ കായൽ പട്ടണത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പാർട്ടിക്ക് നല്ല സ്വാധീനമുള്ള പ്രദേശത്ത് ഉജ്ജലമായ സമ്മേളനമാണ് സംഘടിപ്പിച്ചതെന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്. തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങളുമായി പല നിലക്കും വ്യത്യസ്തതകളുള്ള സ്ഥലമാണ് കായൽ പട്ടണം. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്ലാം ഇവിടെ എത്തിയിരുന്നു. മൂട്ടിയ ലുങ്കിയും ഷർട്ടും തൊപ്പിയുമാണ് പ്രധാന വേഷം. തൊപ്പികളിൽ തന്നെ അനേകം വൈവിധ്യങ്ങളുണ്ട്. ബർമ്മ, മലേഷ്യ, ജപ്പാൻ, സിങ്കപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഇവിടെയുള്ളവർ ബിസിനസ് നടത്തുന്നത്. ആ രാജ്യങ്ങളുടെ സ്വാധീനം വേഷത്തിലും കാണാനാവുമെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
പി കെ ഫിറോസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
തമിഴ്നാട്ടിലെ കായൽപട്ടണത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. പാർട്ടിക്ക് നല്ല സ്വാധീനമുള്ള പ്രദേശത്ത് ഉജ്ജലമായ സമ്മേളനമാണ് സംഘടിപ്പിച്ചത്. തമിഴ്നാട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അബൂബക്കർ സാഹിബിന്റെ നാട് കൂടിയാണ് കായൽ പട്ടണം.
തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങളുമായി പല നിലക്കും വ്യത്യസ്തതകളുള്ള സ്ഥലമാണ് കായൽ പട്ടണം. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്ലാം ഇവിടെ എത്തിയിരുന്നു. മൂട്ടിയ ലുങ്കിയും ഷർട്ടും തൊപ്പിയുമാണ് പ്രധാന വേഷം. തൊപ്പികളിൽ തന്നെ അനേകം വൈവിധ്യങ്ങളുണ്ട്. ബർമ്മ, മലേഷ്യ, ജപ്പാൻ, സിങ്കപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഇവിടെയുള്ളവർ ബിസിനസ് നടത്തുന്നത്. ആ രാജ്യങ്ങളുടെ സ്വാധീനം വേഷത്തിലും കാണാനാവും.
മോതിരക്കലുകളും ഇമിറ്റേഷൻ ഗോൾഡുമൊക്കെയാണ് പ്രധാന ബിസിനസ് മേഖല. മലയാളികളെ പോലെ ലോകത്തെല്ലായിടത്തും കായൽപട്ടണത്തുകാർ ഉണ്ടാവും എന്നാണ് അവർ പറയുന്നത്. എല്ലായിടത്തും കായൽപട്ടണം അസോസിയേഷനുമുണ്ട്. കോഴിക്കോട് നഗരത്തിലടക്കം കായൽപട്ടണം അസോസിയേഷനുണ്ടത്രേ!
നിരവധി പള്ളികളുണ്ട് കുറഞ്ഞ ദൂരപരിധിക്കുള്ളിൽ. ആയിരത്തിലേറെ വർഷം പഴക്കമുള്ള പള്ളിയും കാണാൻ സാധിച്ചു. പാണക്കാട് കുടുംബത്തോട് വലിയ സ്നേഹം
കൊണ്ട് നടക്കുന്നവരാണ് ഇവിടുത്തുകാർ. ശിഹാബ് തങ്ങൾ അവിടെ വന്ന കാര്യമെല്ലാം വളരെ അഭിമാനത്തോടു കൂടിയാണവർ പങ്കുവെച്ചത്.
സി.എച്ച് ഉദ്ഘാടനം ചെയ്ത സ്കൂൾ എനിക്ക് കാണിച്ചു തന്നു. അഹമ്മദ് സാഹിബ് റയിൽവേ മന്ത്രിയായപ്പോഴാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഹൈന്ദവ, ക്രിസ്ത്യൻ വിശ്വാസക്കാരും ഇവിടെയുണ്ട്. എല്ലാവരും നല്ല സൗഹാർദത്തിൽ ഒരുമിച്ച് ജീവിക്കുന്നു.
എന്തെല്ലാം വ്യത്യസ്തതകളാണ് ഒരു ചെറിയ പ്രദേശത്ത് നമുക്ക് കാണാൻ കഴിയുന്നത്. യഥാർത്ഥത്തിൽ അത് തന്നെയല്ലേ നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും. ഒരു പോലീസ് സ്റ്റേഷൻ പോലും ഇല്ലാത്ത, അതിന്റെ ആവശ്യമില്ലാത്ത ഈ നാട് തീർച്ചയായും രാജ്യത്തിന് അഭിമാനമാണ്.