കൊച്ചി: വ്യവസായിയിൽ നിന്നും 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളിയെയും കൂട്ടാളി അക്ഷയ് വൈദ്യനെയും എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗോവ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളുടെ പാസ്‌പോർട്ടും സറണ്ടർ ചെയ്യിപ്പിച്ചു. അഞ്ചുദിവസത്തോളം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. വ്യവസായിൽ നിന്നും കാസർകോട് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പല പദ്ധതികളും പറഞ്ഞ് നാല് വർഷത്തിനുള്ളിലാണ് 108 കോടി രൂപ തട്ടിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആറു വർഷം മുൻപാണ് അബ്ദുൾ ലാഹിർ ഹസൻ മകളെ ഹാഫിസിന് വിവാഹം ചെയ്ത് നൽകിയത്.
ഗോവ-കർണാടക ചുമതലയുള്ള ആദായനികുതി ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് പണം തട്ടിയ കേസിൽ ഗോവ പോലീസ് ഹാഫിസ് കുദ്രോളിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കെയാണ് കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം അറസ്റ്റിലായ അക്ഷയ് എറണാകുളം സ്വദേശിയാണ്. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.