ബംഗളുരു: കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിയുടെ സഹായിയെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപയോളം തട്ടിയെന്ന് പരാതി. ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‍പെഷ്യല്‍ ഡ്യൂട്ടിയായി ജോലി ചെയ്തിരുന്ന 58 വയസുകാരനാണ് കെണിയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം മഹാരാഷ്ട്രയിലെ നാസികിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നപ്പോള്‍ ലഭിച്ച അജ്ഞാത വീഡിയോ കോളാണ് തന്നെ കുടുക്കിയതെന്ന് പരാതിയില്‍ പറയുന്നു.
ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് സമര്‍പ്പിച്ച പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 12ന് രാത്രി എട്ട് മണിയോടെ ഗസ്റ്റ് ഹൗസില്‍ വെച്ച് കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് തനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് വീഡിയോ കോള്‍ വന്നുവെന്നും ടവ്വല്‍ മാത്രം ധരിച്ചുകൊണ്ട് ആ കോള്‍ അറ്റന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അപരിചിതരായ ഒരു പുരുഷനും സ്ത്രീയുമാണ് മറുവശത്ത് ഉണ്ടായിരുന്നത്. താന്‍ കോള്‍ കട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ വിളിച്ചവര്‍ കോള്‍ കട്ട് ചെയ്തു. ആരോ നമ്പര്‍ മാറി വിളിച്ചതാണെന്ന് കരുതി സംഭവം അവഗണിച്ചു.
പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. ഒരു ഹിന്ദി ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറാണെന്നും മഹേന്ദ്ര സിങ് എന്നാണ് പേരെന്നും പരിചയപ്പെടുത്തി. ഒരു സ്ത്രീയെ വീഡിയോ കോള്‍ വിളിച്ച് താന്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. തലേദിവസം തന്നെ വിളിച്ചിരുന്നവര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതാണെന്ന് അപ്പോഴാണ് മനസിലായതെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കിയാല്‍ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിച്ചതോടെ ആദ്യം ഒന്നര ലക്ഷവും മറ്റൊരു അക്കൗണ്ടിലേക്ക് 50,000 രൂപയും അയച്ചുകൊടുത്തു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സിബിഐ സ്പെഷ്യല്‍ ഓഫീസറെന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ വിളിച്ചു. ഒരു യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസ് ഒതുക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് ആദ്യം രണ്ട് ലക്ഷം രൂപയും മറ്റൊരു അക്കൗണ്ടിലേക്ക് 2.8 ലക്ഷം രൂപയും അയച്ചുകൊടുത്തു. ഇതേ സംഘം വീണ്ടും ഫോണില്‍ ബന്ധപ്പെട്ട് 7.2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്.