കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിലെ സുപ്രീം കോടതിയുടെ ഇടപെടലിനെ പ്രകീർത്തിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്ത്. ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതാണ് രാഹുലിന് അനുകൂലമായ ഉത്തരവെന്നാണ് ജിഫ്രി തങ്ങൾ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം ഒന്നാകെ സന്തോഷിക്കുന്ന ദിവസങ്ങളാണ് ഇതെന്നും കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രവർത്തിച്ചാൽ രാജ്യം തിരിച്ചു പിടിക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കോൺഗ്രസ്ന് എല്ലാ മത വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ട് പോകാമെന്ന് കാണിച്ചു തന്ന പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം, ന്യുനപക്ഷത്തിനും ഭൂരിപക്ഷത്തിനും വേണ്ട ധൈര്യം കോൺഗ്രസ് തരണമെന്നും ആവശ്യപ്പെട്ടു.
പ്രസംഗിച്ചാൽ മാത്രം പോര കുറേക്കൂടി ശക്തമായി പ്രവർത്തിക്കണമെന്നാണ് കോൺഗ്രസിനോട് പറയാനുള്ളതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. അങ്ങനെ പ്രവർത്തിച്ചാൽ രാജ്യം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിക്കും. ഏക സിവിൽ കോഡിനെതിരെയും മണിപൂരിലെ സർക്കാർ സ്പോൺസേഡ് ഏറ്റുമുട്ടലിനെ ചേറുക്കുകയെന്ന പേരിലും കോൺഗ്രസ് പാർട്ടി കോഴിക്കോട് സംഘടിപ്പിച്ച ജനസദസിലാണ് ജിഫ്രി തങ്ങൾ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. വിവിധ മതസംഘടന നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീനാകട്ടെ മിത്ത് വിവാദത്തിൽ സി പി എം സ്വീകരിച്ച നിലപാടുകളെ വിമർശിക്കുകയായിരുന്നു ചെയ്തത്. സംസ്ഥാനത്ത് പല തരത്തിലുമുള്ള വിവാദങ്ങൾ ഉയർന്നുവരുന്നുണ്ട്, വർഗീയമായി ചിന്തിക്കുന്നവർക്ക് കൈയിൽ അയുധം വെച്ച് കൊടുക്കുന്ന പരാമർശങ്ങൾ പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും അത്തരം നിലപാടുകൾ ഉണ്ടാകാൻ പാടില്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വർഗീയമായി ചിന്തിക്കുന്നവർക്ക് കൈയിൽ അയുധം വെച്ച് കൊടുക്കുന്ന നിലപാടുകളെ കോൺഗ്രസ് എതിർക്കുന്നുവെന്നും വിശ്വാസത്തേയും ശാസ്ത്രത്തേയും കൂട്ടി കേട്ടാൻ പാടില്ലയെന്നും വി ഡി സതീശൻ പറഞ്ഞു. നേരത്തേ സി പി എമ്മും ഏക സിവിൽ കോഡിനെതിരെ സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിന് ബദലായി കെ പി സി സി സംഘടിപ്പിച്ച പരിപാടിയാണ് ഇന്ന് നടന്ന ജനസദസ്.