ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവുണ്ടായതിന്‍റെ ആശ്വാസത്തിലാണ് കോൺഗ്രസും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും. പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവെന്ന കീഴ്ക്കോടതി വിധി, സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുലിന് പാർലമെൻ്റ് അംഗത്വം അടക്കം തിരികെ ലഭിക്കുമെന്ന സാഹചര്യമാണുള്ളത്. സുപ്രീം കോടതി ചൂണ്ടികാട്ടിയ 3 കാര്യങ്ങളാണ് രാഹുലിന് ഏറ്റവും അനുകൂലമായത്. ആദ്യം മുതലെ ഏറ്റവും പ്രധാനമായി സുപ്രീം കോടതി ചോദിച്ച ചോദ്യം ഈ കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്നതായിരുന്നു. പരാമവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല എന്നതാണ് സുപ്രീം കോടതി മൂന്നാമതായി ചൂണ്ടികാട്ടിയ കാര്യം.
എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നതും സുപ്രീം കോടതി ചൂണ്ടികാട്ടി. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ച ശേഷം പരമാവധി ശിക്ഷയെന്ന കീഴ്ക്കോടതി വിധി സ്റ്റേ ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ 2 കാര്യങ്ങളിൽ വിമർശനവും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ നല്ല അഭിരുചിയുള്ളതല്ലെന്നതായിരുന്നു ഒരു വിമർശനം. പൊതുജീവിതത്തിലുള്ള ഒരാൾ പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
രാഹുലിന് അനുകൂലമായത്
1 എന്തിന് പരാമവധി ശിക്ഷ നൽകി
2 ഈക്കാര്യം വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ല
3 ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല
രാഹുലിനെതിരായ വിമർശനം
1 രാഹുൽ ഗാന്ധിയുടെ വാക്കുകൾ നല്ല അഭിരുചിയുള്ളതല്ല
2 പൊതുജീവിതത്തിലുള്ള ഒരാൾ പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് കോടതി നീരീക്ഷണം