കോഴിക്കോട്: സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചത് കുറ്റമായി പരാമർശിച്ച് പൊലീസ് എഫ്.ഐ.ആർ. എസ്.ഐ.ഒ – സോളിഡാരിറ്റി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ എടുത്ത കേസിലാണ് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളച്ചത് കുറ്റമായി എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. ഹരിയാന സംഘർഷത്തിലും മഹാരാഷ്ട്ര ട്രെയിൻ ആക്രമണത്തിലും പ്രതിഷേധിച്ചാണ് സോളിഡാരിറ്റി-എസ്.ഐ.ഒ കോഴിക്കോട്ട് പ്രതിഷേധ മാർച്ച് നടത്തിയത്.
‘കണ്ടാലറിയുന്ന 50 പേർ ന്യായവിരുദ്ധമായ സംഘം ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനകത്തുകൂടെ യാത്രക്കാർക്കും വാഹനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചുകൊണ്ട് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയതിൽ’ എന്നാണ് എഫ്.ഐ.ആറിലുള്ളത്.
ഐ.പി.സി 143, 147, 283, 149 തുടങ്ങി വകുപ്പുകൾ ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. എസ്.ഐ.ഒ – സോളിഡാരിറ്റി നേതാക്കളായ മുഹമ്മദ് സഈദ്, സി.ടി സുഹൈബ്, വാഹിദ് ചുള്ളിപ്പാറ, അമീൻ മമ്പാട്, തഷ്‌രീഫ് കെ.പി തുടങ്ങിയവുരൾപ്പെടെ കണ്ടാലറിയുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.