വിദ്യാനഗര്‍: വിവിധ മേഖലകളില്‍ വലിയ വികസന സാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട് എന്ന് കര്‍ണാടക നിയമസഭ സ്പീകര്‍ യു.ടി ഖാദര്‍.
ബില്‍ഡപ് കാസര്‍കോട് സൊസൈറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗ്‌ളുറു, കണ്ണൂര്‍ വിമാനത്താവളങ്ങള്‍, മംഗ്‌ളുറു തുറമുഖം എന്നിവയുടെ സാന്നിധ്യം, ജില്ലയില്‍ സര്‍കാര്‍, സ്വകാര്യ മേഖലകളില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായ ഭൂമിയുടെ ലഭ്യത, വൈവിധ്യമാര്‍ന്ന കാര്‍ഷിക മേഖല, മീന്‍പിടുത്തതിന് അനുയോജ്യമായ കടല്‍ത്തീരം, ബീച് ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ബേക്കല്‍ അടക്കമുളള അര ഡസനോളം ഡെസ്റ്റിനേഷനുകള്‍, റാണിപുരം പോലെയുള്ള നിരവധി ഹില്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവ അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പിന്നാക്കാവസ്ഥകള്‍ക്ക് പരിഹാരമായി പുതിയ ധരാളം വികസന സാധ്യതകള്‍ ജില്ലയില്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുന്‍ ഐ ജി കെ വി മധുസൂദനന്‍ നായര്‍, വ്യവസായി എംടിപി മുഹമ്മദ് കുഞ്ഞി, സിനിമാ താരവും അഭിഭാഷകനുമായ ഗംഗാധരന്‍ കുട്ടമത്ത്, അക്കര ഫൗന്‍ഡേഷന്‍ ഡയറക്ടര്‍ അസീസ് അക്കര എന്നിവരെ യു.ടി ഖാദര്‍ ആദരിച്ചു.
ബില്‍ഡപ് കാസര്‍കോട് സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. ഡോ. ശെയ്ഖ് ബാവ, അനൂപ് കളനാട്, ഡോ. രശ്മി പ്രകാശ്, ദയാകര്‍ മാഡ, ഹാരിസ് ഖാദിരി, ബാലാമണി ടീചര്‍, പ്രൊഫ. സുജാത, റഫീഖ് മാസ്റ്റര്‍, സ്വാദിഖ് മഞ്ചേശ്വരം, മുഹമ്മദലി ഫത്വാഹ് എന്നിവര്‍ സംസാരിച്ചു. സുലൈഖ മാഹിന്‍ നന്ദി പറഞ്ഞു.
‘കാസര്‍കോട് ജില്ലയിലെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദേശങ്ങളും’ എന്ന വിഷയത്തില്‍ നേരത്തെ നടന്ന ചർച്ച ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ചര്‍ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ജില്ലാ പഞ്ചായത് മുമ്പാകെ സമര്‍പിക്കുക എന്നതാണ് ലക്ഷ്യം.