അബദ്ധത്തില്‍ ഫൗള്‍! അര്‍ജന്റൈന്‍ താരത്തിന്റെ കാല് ഒടിഞ്ഞുതൂങ്ങി; കരഞ്ഞുകൊണ്ട് കളംവിട്ട് മാഴ്‌സലോ

0
153

ബ്യൂണസ് ഐറിസ്: പ്രൊഷണല്‍ ഫുട്‌ബോളില്‍ പലപ്പോഴും താരങ്ങള്‍ മാരകമായ പരിക്കിന് ഇടയാവാറുണ്ട്. വലിയ പരിക്കേല്‍പ്പിക്കാമെന്നുറപ്പിച്ച് താരങ്ങള്‍ ഫൗള്‍ ചെയ്യാറില്ല. എന്നാല്‍ അബദ്ധത്തില്‍ സംഭവിക്കുമ്പോള്‍ പോലും മാരക പരിക്കുണ്ടാവാറുണ്ട്. അത്തരത്തിലൊന്നാണ് കോപ്പ ലിബെര്‍ടഡോറസില്‍ അര്‍ജന്റൈന്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്‌സും ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനെന്‍സും തമ്മിലുള്ള മത്സരത്തില്‍ സംഭവിച്ചത്. അറിഞ്ഞുകൊണ്ടല്ലെങ്കില്‍ കൂടി പരിക്കിന്റെ ഉത്തരവാദി ബ്രസീലിന്റെ മുന്‍ റയല്‍ മാഡ്രിഡ് താരം മാഴ്‌സലോയാണ്.

ഇരയായത് അര്‍ജന്റീനോസിന്റെ ലൂസിയാനോ സാഞ്ചെസ്. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് സംഭവം. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. മാഴ്സലോ പന്തുമായി മുന്നേറുകയായിരുന്നു. തടയാനായി സാഞ്ചെസ് മുന്നില്‍. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സാഞ്ചെസിന് പിഴച്ചു. പന്ത് ഡ്രിബിള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ മാഴ്സലോ താരത്തിന്റെ കാലില്‍ ചവിട്ടി. ഇടങ്കാല് ഒടിഞ്ഞുതൂങ്ങി.

പരിക്ക് കടുത്തതാണെന്ന് മാഴ്‌സലോയ്ക്ക് തന്നെ മനസിലായി. അദ്ദേഹം തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ താരത്തെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തുകൊണ്ടുപോയത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒരു വര്‍ഷമെങ്കിലും താരത്തിന് നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരം. മാര്‍സലോയ്ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കി. കരഞ്ഞുകൊണ്ടാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്.

ചുവപ്പ് കാര്‍ഡ് കിട്ടിയതിലല്ല, അത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണമായല്ലൊ എന്നതിനാണ് താരം കരഞ്ഞത്. അര്‍ജന്റീനോസ് താരങ്ങളും അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. മത്സരശേഷം മാപ്പ് ചോദിച്ച് മാഴ്‌സലോ രംഗത്തെത്തി. ”സാഞ്ചെസിനെ പരിക്കേല്‍പ്പിക്കണമെന്ന് കരുതിയില്ല. വലിയ മനോവിഷത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. അദ്ദേഹത്തിന് പെട്ടന്ന് മത്സരരംഗത്തേക്ക് തിരിച്ചുവരാനാവട്ടെയെന്ന് ആശംസിക്കുന്നു.” മാഴ്‌സലോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here