വര്‍ഷങ്ങളായി തീവ്ര ഹിന്ദു വിഭാഗങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് ഇന്നും വ്യക്തമായ അടിസ്ഥാനമോ തെളിവുകളോ കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതിനായി സംഘടിത നീക്കങ്ങളും ഈ വിഭാഗങ്ങള്‍ നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ പലതും ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി എത്തുകയാണ്. ഇത്തവണ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബിജെപി ഭരണത്തിന്‍ കീഴിലുള്ള അസമിലെ തീവ്ര വലതുപക്ഷ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ് ദൾ സംഘടിപ്പിച്ച ആയുധ ക്യാമ്പിന്‍റെ വീഡിയോയാണിതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാമ്പില്‍ 350 യുവാക്കൾക്ക് തോക്കുകളുടെ ഉപയോഗം, ആയോധന കലകൾ, അതിജീവന നൈപുണ്യങ്ങൾ എന്നിവയിൽ പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. മുസ്ലീം മതവിശ്വാസികള്‍ ഹിന്ദു മതവിശ്വാസികളായ സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റുന്നതിനെയാണ് തീവ്രവലതു പക്ഷ സംഘടനകള്‍ ‘ലൗ ജിഹാദ്’ എന്ന പദമുപയോഗിച്ച് വിശേഷിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിനായി കേഡര്‍മാര്‍ക്കുള്ള പരിശീലനമാണ് ക്യാമ്പിന്‍റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് ചൂട്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ ക്യാമ്പിന്‍റെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയ്ക്ക് കത്ത് നല്‍കി.
വീഡിയോയില്‍ ജയ് ശ്രീറാം, വന്ദേ ഭാരതം വിളികള്‍ക്ക് പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതും കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ദരാംഗ് പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി അസം ഡിജിപി ജിപി സിംഗ് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ലൗ ജിഹാദിന്‍റെ കുടുത്ത വിമര്‍ശകനായ മുഖ്യമന്ത്രി വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സമാധാനപരമായ സഹവർത്തിത്വമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. അതേസമയം, ‘ജിഹാദും നിർബന്ധിത മതപരിവർത്തനവും പോലുള്ള പ്രശ്നങ്ങൾ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു’ എന്നും അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ‘എല്ലാ സമുദായങ്ങൾക്കും നിയമപരമായി വിവാഹപ്രായം നിശ്ചയിക്കുമെന്നും ഒന്നിലധികം വിവാഹങ്ങൾ തടയുമെന്നും ഇക്കാര്യത്തില്‍ കൂടുതൽ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു നിയമം സംസ്ഥാനത്ത് ഉടൻ നടപ്പാക്കുമെന്നും ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ കഴിഞ്ഞ ശനിയാഴ്ച പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസമിലെ ഗോലാഘട്ടിൽ 25 കാരനായ മുസ്ലീം യുവാവ് ഹിന്ദു ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Reference Mangaldai video – SP @Darrang_Police has been instructed to regsiter a case under appropriate sections of law & investigate the matter and take lawful action. @assampolice @CMOfficeAssam
— GP Singh (@gpsinghips) July 31, 2023