ബെംഗളൂരു: 21 ലക്ഷം രൂപയുടെ തക്കാളിയുമായി കർണാടകയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ട്രക്ക് കാണാനില്ല. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തക്കാളി ലോഡുമായി പോയ ട്രക്കാണ് കാണാതായത്. ഡ്രൈവറുടെ ഫോണിൽ വിളിച്ചെങ്കിലും ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പരാജയപ്പെട്ടു. ട്രക്കുടമ കോലാർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.
ട്രക്ക് ഡ്രൈവറും സഹായിയും ചേർന്ന് വാഹനവും തക്കാളിയും മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. വാനത്തിന്‍റെ നമ്പർ ഉപയോഗിച്ച് വ്യാപക തെരച്ചിൽ നട്ടത്തിയെങ്കിലും ട്രക്ക് ഇതുവപെ കണ്ടെത്താനായിട്ടില്ല. ട്രക്ക് കണ്ടെത്താൻ അന്വേഷണം ഊർജിതപ്പെടുത്തിയതായി കോലാർ നഗർ പൊലീസ് അറിയിച്ചു. വില കുതിച്ചുയർന്നതോടെ തക്കാളി മോഷണവും അടുത്തിടെ വർധിച്ചിരുന്നു. ഡ്രൈവറും സഹായിയും ചേർന്ന് തക്കാളി മോഷ്ടിച്ചതാകാമെന്ന് തന്നെയാണ് പൊലീസിന്‍റെ അനുമാനം.
ഈ മാസം ആദ്യം കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്ന് 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു. പതിവായി തക്കാളി കൃഷി ചെയ്യുന്ന കർഷകന് ആദ്യമായാണ് നല്ല വിളവുണ്ടായത്. എന്നാൽ വിളവെടുപ്പിന് ദിവസങ്ങള്‍ ബാക്കി നിൽക്കെയാണ് മോഷ്ടാക്കള്‍ തക്കാളി കൊള്ളയടിച്ചത്. മണ്‍സൂണ്‍ ശക്തമായതോടെയാണ് രാജ്യത്ത് പച്ചക്കറി വില കുത്തനെ ഉയർന്നത്. ചില സംസ്ഥാനങ്ങളിൽ തക്കാളിക്ക് കിലോ 200 രൂപ വരെ കടന്നിരുന്നു.
അതിനിടെ ഒഡീഷയിലെ കട്ടക്കിലെ ഛത്ര ബസാറില്‍ രണ്ട് കുട്ടികളെയുമായി എത്തിയ ഒരാള്‍ കടയില്‍ നിന്നും നാല് കിലോ തക്കാളിയുമായി കടന്നു. കുട്ടികളെ പച്ചക്കറി കടയില്‍ ഇരുത്തിയ ശേഷം പണം കൊടുക്കാതെ പുറത്തിറങ്ങിയ ഇയാള്‍ തനിക്ക് 10 കിലോ തക്കാളി കൂടി വേണമെന്നും ഇപ്പോള്‍ എടുത്ത തക്കാളി ഒരു ബന്ധുവിനെ ഏല്‍പ്പിച്ച ശേഷം ഉടനെ മടങ്ങിവരാമെന്നും അറിയിച്ച ശേഷമായിരുന്നു മോഷണം. കടക്കാരന് ഉറപ്പ് നല്‍കാനെന്നവണ്ണം കുട്ടികളെ അവിടെ നിര്‍ത്തുകയും ചെയ്തിരുന്നു.
മണിക്കൂറുകള്‍ക്ക് തക്കാളിയുമായി പോയ ആള്‍ തിരിച്ചുവരാതായതോടെ കടക്കാരന് സംശയമായി. തക്കാളി വാങ്ങിയ ആളെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടികളോട് അവരെ കൊണ്ടുവന്ന ആളിനെപ്പറ്റി ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ഒരു ജോലിക്കായി വിളിച്ചതാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം കടക്കാരൻ മനസിലാക്കുന്നത്.