കാസർകോട് : സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ജില്ലയിൽ സന്ദർശനം നടത്തി. വൈകീട്ട് അഞ്ചോടെ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു. കണ്ണൂർ ഐ.ജി. നീരജ്കുമാർ ഗുപ്ത, ഡി.ഐ.ജി. പുട്ട വിമലാദിത്യ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് ജില്ലയിലെ ഇൻസ്പെക്ടർമാരുടെയും മറ്റ് ഉയർന്ന റാങ്കിലുള്ള ഓഫീസർമാരുടെയും യോഗം ചേർന്നു. പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു. ജില്ലയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി ചോദിച്ചറിഞ്ഞ അദ്ദേഹം കേസുകളിൽ അന്വേഷണം വൈകിപ്പിക്കരുതെന്നും നിർദേശിച്ചു.