കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രകടനത്തിനിടെ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുണ്ടായ മുദ്രാവാക്യങ്ങള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പൊലീസ്. ഒരാള്‍ക്കെതിരെ കേസെടുത്തു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പ്രചരണങ്ങള്‍ വന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെയും കേസെടുക്കും. വിദ്വേഷ-കള്ളപ്രചരണങ്ങള്‍ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സംഘം നിരീക്ഷിക്കുകയാണ്. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും. ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും വൈഭവ് സക്സേന പറഞ്ഞു.