സാസംങ് സംഘടിപ്പിച്ച ഗാലക്സി അൺപാക്ഡ് 2023 ചടങ്ങിലൂടെ ഗ്യാലക്സി സെഡ് ഫ്ലിപ്, ഫോൾഡ് ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നു. സൗത്ത് കൊറിയയിലെ സോളിലായിരുന്നു ഗാലക്സി വാച്ചുകൾ, ടാബുകൾ തുടങ്ങിയവ അവതരിപ്പിക്കുന്ന ചടങ്ങ് നടന്നത്. ഫോൾഡബിൾ ഫോണുകൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന പ്രഖ്യാപനവുമായാണ് സാംസങ് അൺപാക്ഡ് ചടങ്ങ് സംഘടിപ്പിച്ചത്.
ഏറ്റവും പ്രധാന മാറ്റം കവർ ഡിസ്പ്ലേയിലാണ്. ചെറിയ 1.9 ഇഞ്ച് എന്നതിൽനിന്നു 3.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ(704×748) ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിൾ ആയി അവതരിപ്പിച്ചിരിക്കുന്ന കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സന്ദേശങ്ങൾക്കു(ഫുൾ കീബോർഡ്) മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്.
ആൻഡ്രോയിഡ് ആപ്പുകളും പ്രവർത്തിപ്പിക്കാനാകും(യുട്യൂബ് വിഡിയോകളും കാണാം). അകത്തെ ഡിസ്പ്ലേ പഴയ പോലെ 6.7 ഇഞ്ച് തന്നെയാണ്. ഫ്ലാറ്റ് ഡിസൈൻ പിന്തുടരുന്ന ഫോണിൽ സ്നാപ് ഡ്രാഗൺ എട്ട് രണ്ടാം തലമുറ പ്രൊസസറാണുള്ളത്. ആർമർ അലൂമിനിയം ഫ്രെയിമിലാണ് ബോഡിയുടെ കരുത്ത്. ഫ്ലെക്സ് ഹിഞ്ച് സംവിധാനം ചെറിയ ഗ്യാപ് ഒഴിവാക്കിയിരിക്കുന്നു. 3700 എംഎഎച്ച് ബാറ്ററിയാണുള്ളത്. ബേസ് സ്റ്റോറേജ് 256ജിബി ആക്കിയെന്നതും ശ്രദ്ധേയമായ മാറ്റമാണ്.
7.6 ഇഞ്ച് ഡിസ്പ്ലേയുള്ള സെഡ് ഫോൾഡ് 5 കൂടുതൽ കനംകുറഞ്ഞിരിക്കുന്നു(13.4എംഎം) മാത്രമല്ല പുതിയ സ്നാപ്ഡ്രാഗൺ പ്രൊസസറാണ് കരുത്തു പകരുന്നത്. 1750 നിറ്റ്സ് ആണ് ബ്രൈറ്റ്നെസ്. ഗാലക്സി Z ഫോൾഡ് 5 ൽ പുറകിലത്തെ ക്യാമറ 50 എംപി ആണ്. ഇതു കൂടാതെ 10 എംപിയുടെ ടെലിഫോട്ടോ ലെൻസും 12 എംപി യുെട അൾട്രാ വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു.
ഫോണിന്റെയും ടാബിന്റെയും ഉപയോഗം ഒരുപോലെ സാധിക്കുന്ന ഡിവൈസാണിത്. പ്രീമിയം സെഗ്മെന്റിലുള്ള ഉപഭോക്താക്കളെയാണ് സാംസങ് ഉന്നം വയ്ക്കുന്നത്.