മൈക്കിനെയും ആംപ്ലിഫയറിനെയും വെറുതെ വിട്ടു! കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയില്‍ റിപ്പോർട്ട് നൽകി

0
212

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു.

കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സെക്കന്റുകൾ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും  മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. മൈക്ക് ഒന്നാം പ്രതി കേബിൾ രണ്ടാം പ്രതി എന്നൊക്കെയുള്ള പരിഹാസവും കടുത്ത വിമർശനവും ഉയർന്നതോടെ നാണക്കേടിൽ നിന്നും തലയൂരാൻ മുഖ്യമന്ത്രി തന്നെ കേസില്‍ ഇടപെട്ടു. സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരിച്ചുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here