ഉപ്പള ∙ മഴ ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായി. ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ നൂറിലേറെ കാറ്റാടി മരങ്ങൾ കടലെടുത്തു. പെരിങ്കടി–ബേരിക്ക റോഡും തകരാൻ തുടങ്ങി. ഒരാഴ്ച മുൻപ് വൈദ്യുതത്തൂണും കടലാക്രമണത്തിൽ തകർന്നിരുന്നു. കടൽക്ഷോഭം രൂക്ഷമായ പെരിങ്കടി, ഇസ്‌ലാം പുര, ബേരിക്ക പ്രദേശങ്ങൾ കലക്ടർ കെ.ഇമ്പശേഖർ സന്ദർശിച്ചു.
ജനങ്ങളിൽ നിന്നു കടലാക്രമണത്തെക്കുറിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു. കടൽഭിത്തി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുസോടിയിൽ ചില ഭാഗങ്ങളിലും ഉപ്പള അയില ശാരദാ നഗർ മുതൽ ബേരിക്ക വരെ കടൽ രൂക്ഷമായത്. കടൽഭിത്തി സ്ഥാപിച്ച് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.