കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ. വിവിധ മതവിഭാഗങ്ങൾക്കിടയിൽ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നത് മുസ്‌ലിം ലീഗിന്റെ നയമല്ലെന്നും രഞ്ജിപ്പും സൗഹാർദവും ഉണ്ടാക്കുന്നതിന് ഓരോ പ്രവർത്തകനും തയ്യാറാകണമെന്നത് പാർട്ടിയുടെ അടിസ്ഥാന തത്വമാണെന്നും മുനവ്വറലി തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ പ്രവർത്തകനെ നേരത്തെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രകടനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 307 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നൽകിയ പരാതിയിലാണ് കേസ്.