‘രണ്ടാം ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ കേസ് കൊടുക്കാനാവില്ല; സ്ത്രീ പീഡനത്തിനെതിരെയുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

0
159

രണ്ടാം ഭാര്യക്ക് ഭർത്താവിനെതിരെ ക്രൂരതയ്ക്ക് കേസ് കൊടുക്കാനാവില്ല എന്ന് കർണാടക ഹൈക്കോടതി. രണ്ടാം ഭാര്യ നൽകിയ പരാതിക്കെതിരെ തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി പരിഗണിക്കവെയാണ് നിർണായകമായ വിധിയുണ്ടായത്. ഐപിസി സെക്ഷൻ 498 എ (വിവാഹിതയായ സ്ത്രീകൾക്കെതിരായ ക്രൂരത) പ്രകാരമാണ് കണ്ഠരാജുവിനെതിരെ ഭാര്യ പരാതി നൽകിയത്. ഈ പരാതി ഇനി നിലനിൽക്കില്ല. മാത്രമല്ല, കണ്ഠരാജുവിന്റെ ശിക്ഷ റദ്ദാക്കുന്നതായും കോടതി അറിയിച്ചു. സിം​ഗിൾ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്.

കണ്ഠരാജുവിന്റെ രണ്ടാം ഭാര്യയാണ് താനെന്നും തങ്ങൾക്ക് ഒരു മകനുണ്ടെന്നും അഞ്ച് വർഷമായി ഒരുമിച്ച് താമസിച്ചതായും പരാതിക്കാരി വാദിച്ചിരുന്നു. എന്നാൽ പിന്നീട് തളർവാതം പിടിപെട്ട് കിടപ്പിലായപ്പോൾ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ വിചാരണ കോടതി കണ്ഠരാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2019 ഒക്ടോബറിൽ സെഷൻസ് കോടതി ശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേ വർഷം റിവിഷൻ ഹർജിയുമായി കണ്ഠരാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിക്കാരിയായ സ്ത്രീ ഹർജിക്കാരന്റെ രണ്ടാം ഭാര്യയാണ്. ഇക്കാരണത്താൽ ഐപിസി 498എ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ഹർജിക്കാരനെതിരെ നൽകിയ പരാതി പരിഗണിക്കേണ്ടതില്ല എന്നാണ് ജസ്റ്റിസ് എസ്. രാച്ചയ്യ വിധിന്യായത്തിൽ പറഞ്ഞത്. ‘രണ്ടാം ഭാര്യ ഭർത്താവിനെതിരെ നൽകിയ പരാതി നിലനിൽക്കില്ല, ഈ വിഷയത്തിൽ തത്വങ്ങളും നിയമവും പ്രയോഗിക്കുന്നതിൽ കീഴ്കോടതികൾക്ക് പിഴവ് സംഭവിച്ചു , റിവിഷണൽ അധികാരപരിധി പ്രയോഗത്തിൽ വരുത്തുന്നതിൽ കോടതിയുടെ ഇടപെടൽ ന്യായമാണ്’ വിധിയിൽ പറയുന്നു.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിവാഹം അസാധുവായാൽ ഐപിസി 498എ വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here