കര്‍ണാടകയില്‍ ബി.ജെ.പി നീക്കം പാളി; സഖ്യത്തിനില്ലെന്ന് ജെ.ഡി.എസ്

0
242

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് ജെ.ഡി.എസ്. പാർട്ടി എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് കോണ്‍ഗ്രസ് ആയുധമാക്കുമെന്നും ചില സമുദായങ്ങളുടെ എതിര്‍പ്പ് പ്രാദേശിക തിരിച്ചടികള്‍ക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. ബി.ജെ.പിയുമായി സഖ്യം ചേർന്ന് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്ന വാർത്തകൾക്കിടെയാണ് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കുന്നത്. ഇതോടെ നിയമസഭയിൽ പ്രതിപക്ഷ നേതൃപദവി ജെ.ഡി.എസിന് നൽകി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കം പാളി.

ബജറ്റ് സമ്മേളനത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ശക്തമായ ആക്രമണമാണ് ജെ.ഡി.എസ് നേതാക്കൾ നടത്തിയത്. ഇതിന് ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുക്കള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന തരത്തിലായിരുന്നു ജെ.ഡി.എസ് നേതാക്കളുടെ പ്രതികരണം.

ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഇത്തരം പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കി. ചില എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ വരെ സന്നദ്ധത അറിയിച്ചു. പ്രാദേശിക തലത്തിലും കനത്ത എതിര്‍പ്പുയര്‍ന്നതോടെ ജെ.ഡി.എസ് പ്രതിസന്ധിയിലായി. ഇതോടെയാണ് തിടുക്കപ്പെട്ടുള്ള തീരുമാനങ്ങള്‍ വേണ്ടെന്ന് ജെ.ഡി.എസ് നേതൃത്വം തീരുമാനിച്ചത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വതന്ത്രമായി നേരിടാമെന്നാണ് നേതൃയോഗത്തിലെ തീരുമാനം. ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് ചില സമുദായങ്ങളുടെ നേരിട്ടുള്ള എതിര്‍പ്പിനെ വിളിച്ചു വരുത്തും. ഇത് കോണ്‍ഗ്രസ് ആയുധമാക്കിയാല്‍ പ്രാദേശികതലത്തില്‍ പാര്‍ട്ടി ദുര്‍ബലപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ മൈസൂരുവിലേറ്റ കനത്ത തിരിച്ചടി ലോകസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോയെന്ന ഭയവും ജെ.ഡി.എസിനുണ്ട്. അതേസമയം, ജെ.ഡി.എസുമായുള്ള സഖ്യസാധ്യതയും പാർട്ടിയിലെ ആഭ്യന്തര തർക്കവും കാരണം ബി.ജെ.പിക്ക് ഇതുവരെ പ്രതിപക്ഷ നേതാവിനെ നിയമിക്കാനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here