ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത!, 20 രൂപ മുതൽ ‘എക്കണോമി മീൽ’ പ്രഖ്യാപിച്ച് റെയിൽവേ, വിവരങ്ങൾ ഇങ്ങനെ…

0
158

ദില്ലി: ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ഇന്ത്യൻ റെയിൽവേ സംവിധാനം ഉപയോഗിക്കുന്നത്. ഇവരിൽ എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഭക്ഷണം നൽകുന്ന സർവീസുകൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ജനറൽ കോച്ചുകളിലെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം നൽകാൻ ‘എക്കണോമി മീൽ’ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

എഫ് ആൻഡ് ബി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായും റെയിൽവേ അറിയിച്ചു. പ്ലാറ്റ്ഫോമുകളിൽ ജനറൽ കോച്ചുകൾക്ക് സമീപം വരുന്ന രീതിയിൽ സേവന കൌണ്ടറുകൾ സ്ഥാപിക്കും. ഇത് വഴിയാകും ആദ്യ ഘട്ടത്തിൽ ഭക്ഷണ വിതരണം നടത്തുക. എക്കണോമി മീൽസ്,സ്നാക്സ്(കോംബോ) എന്നിവയുടെ മെനുവും റെയിൽവേ പുറത്തുവിട്ടു.

ഈ പുതിയ സംവിധാനത്തിന് കീഴിൽ, പാസഞ്ചർ ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് കോച്ചുകളിലും യാത്ര ചെയ്യുന്നവർക്ക് 20 രൂപയ്ക്ക് എക്കണോമി മീൽ ലഭിക്കും. കൂടാതെ, 200 മില്ലി വെള്ളം 3 രൂപയ്ക്ക് ലഭിക്കും. ആവശ്യമില്ലെങ്കിൽ കുപ്പി വെള്ളത്തിന് 20 രൂപ ചെലവഴിക്കേണ്ടി വരില്ലെന്ന് ചുരുക്കം. ഉദയ്പൂർ, അജ്മീർ, അബു റോഡ് സ്റ്റേഷനുകളിലാണ് നോർത്ത് വെസ്റ്റേൺ റെയിൽവേ പരീക്ഷണാർത്ഥം നടപ്പിലാക്കിയത്.

20 രൂപ വിലയുള്ള ‘എക്കണോമി മീൽ’ ഏഴ് പൂരി, ഉരുളക്കിഴങ്ങ് കറി, അച്ചാർ എന്നിവ ഉണ്ടാകും. രണ്ടാമത്തെ വിഭാഗമായ 50 രൂപയുടെ കോംബോയിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചോറ് , രാജ്മ, ഛോലെ, കിച്ചടി കുൽച, ഭട്ടൂരെ, പാവ്-ഭാജി, മസാല ദോശ എന്നിവ ഓപ്ഷനുകളായി ഉണ്ടാകും.

ദീർഘദൂര ട്രെയിൻ യാത്രകളിൽ ജനറൽ ക്ലാസ് കോച്ചുകളിലെ യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മിതമായ നരിക്കിൽ ഭക്ഷണ ഓപ്ഷനുകൾ നൽകുന്നതിലൂടെ, യാത്രക്കാർക്ക് എളുപ്പത്തിൽ ഭക്ഷണം വാങ്ങാൻ സാധിക്കും. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടായേക്കാവുന്ന തിരക്കും അപകടങ്ങളും കുറയ്ക്കാനും കഴിയുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here