ഏഷ്യാ കപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് തീയതിയും വേദിയും കുറിച്ചു

0
130

കൊളംബോ: ഏഷ്യാ കപ്പ് മത്സരക്രമം ഇന്ന് ഔദ്യോഗികമായി പുറത്തുവിടാനിരിക്കെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തുവന്നു. പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിനും 10നുമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുകയെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫൈനലില്‍ എത്തുകയാണെങ്കില്‍ ഇരു ടീമും വീണ്ടുമൊരിക്കല്‍ കൂടി മുഖാമുഖം വരും. ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക് ശ്രീലങ്കയിലെ കാന്‍ഡിയായിരിക്കും വേദിയാവുകയെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് നല്‍കിയ കരട് മത്സരക്രമത്തെ ഉദ്ധരിച്ച് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് 30ന് പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്‍റ് തുടങ്ങുക. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലായിരിക്കും ഈ മത്സരം. നേപ്പാളിനെതിരായ മത്സരശേഷം ശ്രീലങ്കയിലേക്ക് പറക്കുന്ന പാക് ടീം അവിടെ ഇന്ത്യയുമായി ഏറ്റുമുട്ടും. അതേസമയം, ശ്രീലങ്കയും ബംഗ്ലാദശും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനിലായിരിക്കും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കുക. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17വരെയായിരിക്കും ടൂര്‍ണമെന്‍റ് എന്നാണ് ഇപ്പോഴത്തെ ധാരണ.

ആകെ 13 മത്സരങ്ങളായിരിക്കും ടൂര്‍ണമെന്‍റിലുണ്ടാകുക. ഇതില്‍ നാല് മത്സരമാണ് പാക്കിസ്ഥാനില്‍ നടക്കുക. പകല്‍ രാത്രിയായി നടക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നായിരിക്കും ആരംഭിക്കുക. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക. ഇന്ത്യയുള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ പാക്കിസ്ഥാനും നേപ്പാളും മത്സരിക്കുമ്പള്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.

സൂപ്പര്‍ ഫോറില്‍ പരസ്പരം മത്സരിക്കുന്ന ടീമുകളില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവര്‍ ഫൈനലിലെത്തുന്ന രീതിയിലാണ് ടൂര്‍ണമെന്‍റ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പും നടത്തുന്നത്. ലാഹോറില്‍ മാത്രമായിരുന്നു പാക്കിസ്ഥാനിലെ മത്സരങ്ങള്‍ നിശ്ചിച്ചിരുന്നതെങ്കിലും പിന്നീട് മുള്‍ട്ടാനില്‍ കൂടി നടത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here