ഉമ്മന്‍ചാണ്ടി എന്ന ഒരേയൊരാള്‍

0
167

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സിനിമയില്‍ നടി ഖുശ്ബു ചോദിക്കുന്ന ചോദ്യമുണ്ട് ‘ഉമ്മന്‍ചാണ്ടി എന്ന് പേരുള്ള രണ്ടാമതൊരാളെ കാണിച്ചു തരാന്‍ പറ്റുമോ’ ഇതിന് നായകനായ മമ്മൂട്ടി പറയുന്ന മറുപടി ഇങ്ങനെയാണ്’ ശരിയാണ്, ഉമ്മന്‍ചാണ്ടി എന്ന് പേരുള്ള ഒരാളെ ലോകത്തിലുള്ളു’

അതേ ഉമ്മന്‍ചാണ്ടി എന്ന് പേരുള്ള ഒരാള്‍ മാത്രമല്ല, ഉമ്മന്‍ചാണ്ടിയെപോലെ ഒരേ ഒരാളെ ഈ ലോകത്തിലുണ്ടായിരുന്നുള്ളു. അത് ഉമ്മന്‍ചാണ്ടി മാത്രമായിരുന്നു.

‘ഞാന്‍ പുസ്തകം അധികമൊന്നും വായിക്കാറില്ല, ജനങ്ങളാണ് എന്റെ പുസ്തകം അവരിലൂടെയാണ് ഞാന്‍ ലോകത്തെ അറിയുന്നതെന്ന’് ഉമ്മന്‍ചാണ്ടി എപ്പോഴും പറയുമായിരുന്നു. കോണ്‍ഗ്രസിന്റെ മറ്റു മൂന്ന് മുഖ്യമന്ത്രിമാര്‍ക്കും വ്യക്തിപരമായ സവിശേഷതകള്‍ അനവധിയുണ്ടായിരുന്നു. ആര്‍ ശങ്കര്‍ നവോത്ഥാന നായകനായിരുന്നു, കെ കരുണാകരനാകട്ടെ സ്വാതന്ത്ര്യ സമരസേനാനിയും ഇന്ദിരാഗാന്ധിയടക്കമുള്ള ഉന്നതശീര്‍ഷരായ നേതാക്കളുമായി വ്യക്തിപരമായി അടുപ്പമുള്ളയാളുമായിരുന്നു. ഏ കെ ആന്റെണിയാകട്ടെ രാഷ്ട്രീയത്തില്‍ ആദര്‍ശനിഷ്ഠയും തത്വങ്ങളും മുറകേ പിടിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കാകട്ടെ ഈ സ്വഭാവ വിശേഷങ്ങളൊന്നും കൈമുതലായിരുന്നില്ല. അത് കൊണ്ട് തന്നെയാണ് അദ്ദേഹം പൂര്‍ണ്ണമായും ജനങ്ങളിലേക്കിറങ്ങി ചെന്നത്. തനിക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനിലും തന്നെക്കുറിച്ച് സ്മരണകള്‍ അവശേഷിപ്പിക്കാനുള്ള അപാരമായ ഒരു സിദ്ധി വിശേഷം ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു.

മനുഷ്യരുടെ ദുഖങ്ങളിലും പ്രതിസന്ധികളിലും താങ്ങാവുക എന്ന അത്യന്തം ലളിതമായ ഒരു ജീവിത പ്രത്യയശാസ്ത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിലല്ലാതിരിക്കുമ്പോഴും അപരനോടുള്ള കരുതല്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുഖമുദ്ര. തന്നെ വന്ന് കാണുന്ന ഒരോ മനുഷ്യനും ജീവിതത്തെക്കുറിച്ച് കൂടുതല്‍ പ്രത്യാശയുള്ളവനായിമടങ്ങണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. എത്രത്തോളം മനുഷ്യരിലേക്ക് അടുക്കാമോ അത്രത്തോളം അടുക്കുക എന്നതായിരുന്നു അദ്ദേഹം ജിവതതത്വം തന്നെ. പൊതുപ്രവര്‍ത്തകരെക്കുറിച്ച് ലെനിന്‍ പറഞ്ഞ ഒരു വാചകം ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണമായും അനുയോജ്യമാണ്. വെള്ളത്തില്‍ മീനെന്നെപോലായിരിക്കണം പൊതുപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍. ആ വാചകത്തെ ജീവിതം കൊണ്ടന്വര്‍ത്ഥമാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ജനസമുദ്രത്തില്‍ ഒരു മല്‍സ്യത്തെപ്പോലെ തന്നെയായിരുന്നു അദ്ദഹേം.

അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഐക്യരാഷ്ട്ര സഭയുടെ വരെ അംഗീകാരം നേടിയിരുന്നു. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് വളരെ നിസാരമെന്ന തോന്നിക്കുന്ന പലകാര്യങ്ങളും ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങളായിരിക്കും. വളരെ പെട്ടെന്ന് നിവൃത്തിക്കാവുന്ന കാര്യങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ അനാവശ്യ വലിച്ചുനീട്ടലുകളും ഉദ്യോഗസ്ഥ ചുവപ്പ് നാടകളും ഉണ്ടാകാന്‍ പാടില്ലന്നുളള ദൃഡനിശ്ചയം ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു.

ഏറ്റവും ദുര്‍ബലനായ മനുഷ്യന് ഉപകരിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം എന്ന വാക്ക് തന്നെ സാര്‍ത്ഥമാകുന്നതെന്ന് ഉമ്മന്‍ചാണ്ടി വിശ്വസിച്ചിരുന്നു. ഉന്നതമായ ജനാധിപത്യ ബോധം അദ്ദേഹം എല്ലാകാര്യത്തിലും പുലര്‍ത്തിയിരുന്നു. തന്നെ വ്യക്തിപമായി ആക്രമിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും മാധ്യപ്രവര്‍ത്തകരും തന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തുമ്പോള്‍ അവ നിറവേറ്റിക്കൊടുക്കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. താന്‍ വിമര്‍ശനത്തിന് അതീതനാണെന്ന ചിന്ത അദ്ദേഹ ഒരിക്കലും ഉണ്ടായിരുന്നില്ല. സോളാര്‍ കേസ് കത്തി നില്‍ക്കുമ്പോള്‍ , വിമര്‍ശനത്തിന്റെ കൂരമ്പകള്‍ നാല് പാടുനിന്നും ഉമ്മന്‍ചാണ്ടിക്ക് നേരെ പായുമ്പോള്‍ അദ്ദേഹം പറഞ്ഞു, പോടാ പുല്ലേ എന്ന് പറയേണ്ടിടത്ത് പോലും ഞാന്‍ പറയുക ഞാനൊന്ന് പൊയ്‌കോട്ടേ എന്നായിരിക്കും. അതാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ എതിരാളികളോട് പ്രത്യേകിച്ച് തന്റെ പാര്‍ട്ടിയിലെ എതിരാളികളെ വെട്ടിമൂലക്കിരുത്തുന്ന കാര്യത്തില്‍ ഒരു മയവും അദ്ദേഹം കാണിച്ചിട്ടില്ല. എന്നാല്‍ അപ്പോഴും അനുരജ്ഞനത്തിന്റെ , വീട്ടുവീഴ്ചയുടെ വാതില്‍ അദ്ദേഹം എപ്പോഴും തുറന്നിടുമായിരുന്നു.

കോണ്‍ഗ്രസില്‍ എന്നല്ല ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഉമ്മന്‍ചാണ്ടിയെപ്പോലൊരു രാഷ്ട്രീയ നേതാവ് ഇനിയുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു. ആ കാലഘട്ടമാകട്ടെ അദ്ദേഹത്തിലൂടെ അവസാനിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ ആണ് ജനാധിപത്യത്തിലെ അത്യന്തിക വിധികര്‍ത്താക്കള്‍ എന്ന്് ഉമ്മന്‍ചാണ്ടി എക്കാലവും വിശ്വസിച്ചിരുന്നു. ജനങ്ങളായിരുന്നു എക്കാലവും എല്ലാകാര്യത്തിലും അദ്ദേഹത്തിന്റെ മാനദണ്ഡം. അത് കൊണ്ട് തന്നെ എക്കാലവും ഉമ്മന്‍ചാണ്ടി ജനമനസുകളില്‍ ജീവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here