അബുദാബി: കൊടും ചൂടിലേക്ക് കടന്ന് യു.എ.ഇ. ഈ വേനൽക്കാലത്ത് ആദ്യമായി താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിവസങ്ങളിൽ ഈ ചൂട് തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മിതമായ കാറ്റും കൊണ്ട് താപനില ഉയരുകയാണ്..
50.1 ഡിഗ്രി സെൽഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ശനി (ജൂലൈ 15), ഞായർ (ജൂലൈ 16) എന്നിങ്ങനെ തുടർച്ചയായി രണ്ട് ദിവസങ്ങളിലായി അബുദാബിയിലെ ബഡാ ദഫാസിലാണ് (അൽ ദഫ്ര മേഖല) ഉയർന്ന ചൂട് രേഖപ്പെടുത്തിയതെന്ന് യു.എ.ഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കണക്കുകൾ പറയുന്നു.
ഏറ്റവും ചൂടേറിയ സമയങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിയാനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും യു.എ.ഇയിലെ ഡോക്ടർമാർ താമസക്കാരോട് നിർദേശിച്ചിട്ടുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നത് സൂക്ഷിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം, യു.എസ്, യൂറോപ്പ്, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ റെക്കോർഡ് ചൂടാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത ചൂട് മൂലം ആളുകൾ ദുരിതമനുഭവിക്കുകയാണ്.