ബംഗളൂരു: മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസ് സംഘത്തിനു പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. ആര്‍.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബൊമ്മൈ പതിച്ചുനല്‍കിയ മറ്റു ഭൂമികള്‍ക്കെതിരെയും നടപടിയുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തില്‍ തവരേക്കരയിലുള്ള കുറുബരഹള്ളിയില്‍ ഏക്കര്‍കണക്കിനു ഭൂമി ആര്‍.എസ്.എസ് ട്രസ്റ്റിന് നല്‍കിയത്. എന്നാല്‍, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബി.ജെ.പി സര്‍ക്കാര്‍ കൈമാറിയ ഭൂമികളുടെ തല്‍സ്ഥിതി തുടരാന്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ബംഗളൂരു സൗത്തില്‍ വിവിധ സംഘടനകള്‍ക്ക് മുന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയത്.
ഇതിനുള്ള മറുപടിയിലാണ് ജനസേവ ട്രസ്റ്റിന് 35.33 ഏക്കര്‍ ഭൂമി നല്‍കിയതു തടഞ്ഞതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ബൊമ്മൈ ഭരണകൂടം പതിച്ചുനല്‍കിയ മറ്റു ഭൂമികള്‍ക്കും ഉത്തരവ് ബാധകമാണെന്നും കൃഷ്ണ ബൈരെ വ്യക്തമാക്കി.
ബൊമ്മൈ സര്‍ക്കാര്‍ തിടുക്കപ്പെട്ടു നടത്തിയ ഭൂമി കൈമാറ്റങ്ങളെല്ലാം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി. അനര്‍ഹര്‍ക്കടക്കം ഇത്തരത്തില്‍ ഗ്രാന്റുകള്‍ ലഭിച്ചിട്ടുണ്ട്. ഓരോ സംഘടനയുടെയും യോഗ്യതയും ലക്ഷ്യങ്ങളുമെല്ലാം പരിശോധിച്ചുവരികയാണ്. പൊതുതാല്‍പര്യപ്രകാരമുള്ള ഇടപെടലായിരുന്നോ സര്‍ക്കാരിന്റേതെന്ന് നോക്കുമെന്നും മന്ത്രി കൃഷ്ണ ബൈരെ അറിയിച്ചു.