കൊച്ചി∙ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ ട്രാൻസ്ഫറുകൾ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉയർന്ന അഭ്യൂഹം ഒടുവിൽ സത്യമായി. ടീമിന്റെ ഐക്കൺ താരങ്ങളിൽ ഒരാളും മലയാളിയുമായി സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടും. കൊൽക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്സിലേക്കാണ് സമദിന്റെ കൂടുമാറ്റം. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും അന്തിമധാരണയിലെത്തിയെന്നാണ് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
രണ്ടു കോടിയിലധികം രൂപയ്ക്കാണ് ട്രാൻസ്ഫർ. 2.5 കോടി രൂപ ട്രാൻസ്ഫർ ഫീ നൽകി സഹലിനെ റാഞ്ചുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ തുക സംബന്ധിച്ച് വ്യക്തതയില്ല. പണക്കണക്കിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ നടത്തിയത്. സമദിനു പകരം മോഹന്‍ ബഗാന്‍ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരും.
26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ദേശീയ ടീമിലും തിളങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുഖമായ സഹലിനെ ടീമിലെത്തിക്കാൻ ഐഎസ്എൽ വമ്പൻമാർ മുൻകൈയെടുത്തത്. 2025 മേയ് വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. യുവതാരം കെ.പി.രാഹുലിനെ വട്ടമിട്ടും അഭ്യൂഹങ്ങളുണ്ട്. താരം ബെംഗളൂരു എഫ്സിയിലേക്കു പോകുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗില്ലിനെ 1.2 കോടി രൂപ നൽകി ഈസ്റ്റ് ബംഗാൾ കഴിഞ്ഞദിവസം ടീമിലെത്തിച്ചിരുന്നു.
As revealed Exclusively by IFTWC, Kerala Blasters and Mohun Bagan have finally agreed a deal.
– Transfer fee worth close to 2 cr paid by Mohun Bagan to Kerala Blasters
– Sahal Abdul Samad to join Mohun Bagan
– Pritam Kotal to join Kerala Blasters
– Official announcement… pic.twitter.com/w389FRAF9l— IFTWC – Indian Football (@IFTWC) July 13, 2023