കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചു.വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് നിർദ്ദേശം.ഹർജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ ക്യാമറകൾ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയാരോപണങ്ങളേയും രണ്ടായിത്തന്നെ കാണണം. ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികള്‍ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.കുറ്റകൃത്യങ്ങൾ കുറയ്ക്കാനുളള സർക്കാരിന്‍റെയും മോട്ടോർ വാഹനവകുപ്പിന്‍റെയും ശ്രമങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്. പദ്ധതി നടത്തിപ്പിലെ സുതാര്യതയും അഴിമതിയാരോപണവും മറ്റൊരു തലമാണ്. ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തിന് പോലും സംശയമില്ല. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, അത് ഇരുചക്രവാഹനയാത്രക്കാരുടെ ജീവന്‍റെ രക്ഷാകവചമാണന്നും വ്യക്തമാക്കി.