വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട്, കോൺഗ്രസ് പ്രവർത്തകർക്കെതിരെയെടുത്ത കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ് ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ തുടർ നടപടികൾ സ്റ്റേ ചെയ്തത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് നാലുപേർക്കുമെതിരായ കേസ്. 2022 ജൂൺ 24ന് ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ ആവശ്യപ്പെട്ട് എസ്എഫ്ഐ എംപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. കൽപ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. സംഘർഷത്തിനിടെ ഓഫീസിനുള്ളിലെ മഹാത്മാഗാന്ധിയുടെ ചിത്രവും തകർക്കപ്പെട്ടു.
ഓഫീസിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ് ഐ പ്രവര്‍ത്തകരല്ലെന്നായിരുന്നു പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മടങ്ങിയതിന് ശേഷം 4 മണിക്ക് പോലീസ് ഫോട്ടോഗ്രഫര്‍ എടുത്ത ചിത്രങ്ങളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകള്‍ മേശപ്പുറത്തും തന്നെ ഉള്ളതായി വ്യക്തമായിരുന്നു. പോലീസ് ഫോട്ടോഗ്രഫര്‍ പോയതിന് ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ മുകളിലേക്കു കയറിപ്പോയതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ചിത്രങ്ങള്‍ എടുക്കുന്ന സമയത്ത് ഓഫീസില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായും ആ സമയത്ത് ഒരു ഫോട്ടോ താഴെക്കിടക്കുന്നത് കാണാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്.