മൊഹാലി: 2011 ഏകദിന ലോകകപ്പില്‍ യുവരാജ് സിംഗായിരുന്നു ഇന്ത്യയുടെ ഹീറോ. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവരാജിനായിരുന്നു. ക്യാന്‍സറിനോടും മല്ലിട്ട് കളത്തില്‍ ഗംഭീരപ്രകടനം കാഴ്ച വച്ച യുവിയായിരുന്നു ടൂര്‍ണമെന്റിന്റെ താരം. പിന്നീട് നടന്ന രണ്ട് ലോകകപ്പുകളിലും സാധ്യതകളില്‍ മുന്നിലായിരുന്നെങ്കിലും ടീം ഇന്ത്യക്ക് കിരീടം നേടാനായില്ല. മറ്റൊരു ലോകകപ്പിന് ഇന്ത്യ വേദിയാവാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 5നാണ് ഇന്ത്യ വേദിയാകുന്ന ലോകകപ്പിന് തുടക്കമാവുക. 8ന് ഓസ്‌ട്രേലിയക്കെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം.
ഇപ്പോള്‍ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ടീമിന് വലിയ സാധ്യതകളില്ലെന്നാണ് യുവരാജ് പറയുന്നത്. മുന്‍ ഓള്‍റൗണ്ടറുടെ വാക്കുകള്‍… ”എകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളില്‍ എനിക്ക് ആശങ്കയുണ്ട്. മധ്യനിരയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് തിരിച്ചടിയാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തവണയും ആശങ്കകള്‍ ഏറെയാണ്. ഇന്ത്യ ലോകകപ്പ് നേടുമോ എന്ന് ചോദിച്ചാല്‍ തനിക്ക് ഒരു ഉറപ്പുമില്ലെന്ന് മാത്രമെ ഞാന്‍ പറയൂ. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ ടീം കോംപിനേഷന്‍ തെരഞ്ഞെടുക്കുന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി.” യുവരാജ് പറഞ്ഞു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍. പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും.