ബംഗളൂരു: ടോള്‍ പ്ലാസകളില്‍ എംഎല്‍എമാര്‍ക്കായി പ്രത്യേകം വിവിഐപിലൈന്‍ വേണമെന്നാവശ്യപ്പെട്ട് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍. നിലവിലെ എംഎല്‍എമാരെയും മുന്‍ എംഎല്‍മാരെയും ഈ ലൈനില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ഖിഹോളിയോടായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയം ദേശീയപാത അതോറിറ്റിയെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ക്ക് സുഗഗമായ യാത്ര ഉറപ്പുവരുത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എംഎല്‍എ പി.എം നരേന്ദ്രസ്വാമിയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ടോള്‍ പ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റത്തെപ്പറ്റി അദ്ദേഹം വിശദീകരിക്കുകയായിരുന്നു. ശേഷം മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ അഭയ്യ പ്രസാദും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളെ യാത്രയ്ക്കിടെ തടഞ്ഞുനിര്‍ത്തി ടോള്‍ പ്ലാസ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നുവെന്ന് അദ്ദേഹം പരാതി ഉന്നയിച്ചു.
” ഹുബ്ബള്ളി-ബെംഗളൂരു പാതയില്‍ യാത്ര ചെയ്യുമ്പോള്‍ ഈ പ്രശ്‌നം നേരിടാറുണ്ട്. ഞങ്ങളുടെ പാസുകള്‍ അവര്‍ പരിഗണിക്കാറില്ല. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നാണ് അവരുടെ ആവശ്യം. എല്ലാതവണയും അവരുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വരുന്നു,” അഭയ്യ പ്രസാദ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ‘സീറോ ട്രാഫിക്’ എന്ന തന്റെ പ്രത്യേക അവകാശം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടര്‍ന്ന് എംഎല്‍എമാര്‍ക്കും, മുന്‍ എംഎല്‍എമാര്‍ക്കും ടോള്‍ പ്ലാസയില്‍ പ്രത്യേകം ലൈന്‍ സജ്ജീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് സ്പീക്കര്‍ ആവശ്യപ്പെട്ടതോടെ ചര്‍ച്ച അവസാനിക്കുകയായിരുന്നു.
” ദേശീയ പാത അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പ്രത്യേക വിഐപി ലൈനിന്റെ കാര്യം സൂചിപ്പിക്കണം. മുന്‍ എംഎല്‍എമാരെ കൂടി ഉള്‍ക്കൊള്ളുന്ന നയമല്ല നിലവിലുള്ളത്. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന പ്രത്യേക നയം രൂപീകരിക്കണം,’ എന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്പീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. സ്പീക്കര്‍ മുന്‍ സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണെന്ന് ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു.
”ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് ഇതൊന്നും നടക്കില്ലായിരുന്നു. സ്പീക്കറുടെ വായില്‍ നിന്ന് തന്നെ ഇത്തരം ഒരു ആവശ്യമുയർന്നത് എന്നെ ആശ്ചര്യപ്പെടുത്തി. മുന്‍ സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങിയതാകാം,” ബസവരാജ് ബൊമ്മൈ പറഞ്ഞു. അതേസമയം വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ തന്റെ പ്രസ്താവന വിശദീകരിച്ച് സ്പീക്കര്‍ വീണ്ടും രംഗത്തെത്തി.
” ഞങ്ങളുടെ എംഎല്‍എമാരിലൊരാളാണ് ഈ വിഷയം ഉന്നയിച്ചത്. മൈസൂരു-ബംഗളുരു ആറുവരി പാതയില്‍ യാത്ര ചെയ്യവേ ഒരു എംഎല്‍എയെ ടോള്‍ ജീവനക്കാരന്‍ അപമാനിച്ചിരുന്നു. അടിയന്തരമായി പോകാനുള്ള സൗകര്യമില്ലെന്നും പ്രത്യേക ലൈന്‍ ഇല്ലെന്നും ജീവനക്കാരന്‍ പറഞ്ഞു. എല്ലാ ടോള്‍ പ്ലാസകളിലും പ്രത്യേകം ലൈന്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മൈസൂരു-ബെംഗളുരു പാതയില്‍ ഈ സൗകര്യമില്ലായിരുന്നു. പ്രത്യേക വിവിഐപി ലൈൻ വേണമെന്നല്ലഇവിടെ ഉന്നയിച്ചത്. അത് പ്രായോഗികവുമല്ല,” സ്പീക്കര്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യമാണ് ബെംഗളുരു-മൈസൂര്‍ എക്‌സ്പ്രസ് വേ തുറന്നത്. തുറന്നയുടനെ തന്നെ ഇവിടുത്തെ ടോള്‍ നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഏകദേശം 22 ശതമാനം വര്‍ധനയാണ് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ജനരോഷമുയര്‍ന്നിരുന്നു.