മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്നാലെ എന്‍സിപിയേയും പിളര്‍ത്തിയ ബിജെപി കുതന്ത്രങ്ങള്‍ക്കെതിരെ മറുതന്ത്രവുമായി ശരദ് പവാര്‍ ക്യാമ്പും. എന്‍സിപിയെ പിളര്‍ത്തി ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാറിനേയും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ 8 പേരേയും അയോഗ്യരാക്കാന്‍ നടപടിയുമായി ശരദ് പവാര്‍. അജിത് പവാര്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ക്കു എന്‍സിപി പരാതി നല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പാര്‍ട്ടി ചിഹ്നവും പേരും ഉറപ്പിച്ച് നിര്‍ത്താനുള്ള അവകാശവാദവും ശരദ് പവാര്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും അണികള്‍ പാര്‍ട്ടി മേധാവി ശരദ് പവാറിനൊപ്പമുണ്ടെന്നാണ് എന്‍സിപി പറയുന്നു. രാവിലെ സത്താറയിലെ കരാടില്‍ വൈ ബി.ചവാന്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന പൊതുയോഗത്തിന് ശേഷം ശരദ് പവാര്‍ നേതാക്കളെ കാണാനും പിന്തുണ ഉറുപ്പാക്കാനും ശ്രമിക്കും. ക്യാബിനെറ്റില്‍ കയറി കൂടിയ 9 പേരെ അയോഗ്യരാക്കണമെന്ന് പറയുമ്പോഴും അജിത് പവാര്‍ ക്യാമ്പിലുള്ള മറ്റുള്ളവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും ശരദ് പവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
വിമതപക്ഷത്തെ കടന്നാക്രമിക്കാതെ കരുതലോടെയായിരുന്നു ശരദ് പവാറിന്റെ മകളായ സുപ്രിയ സുളെ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം. തിരിച്ചുവരാന്‍ സാധ്യതയുള്ളവരെ ഉന്നമിട്ടാണ് ഈ മൃദു സമീപനം. 1999 ല്‍ എന്‍സിപി രൂപീകരിച്ച ശരദ് പവാര്‍ തന്നെയാണ് പാര്‍ട്ടി തലവനെന്നും നേതൃത്വത്തില്‍ യാതൊരു മാറ്റമില്ലെന്നും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനേയും എന്‍സിപി സമീപിച്ചു.
മഹാരാഷ്ട്രയില്‍ 53 എംഎല്‍എമാരാണ് എന്‍സിപിക്ക് ഉള്ളത്. ഇതില്‍ 40 ഓളം പേര്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് അജിത് പവാറിന്റെ അവകാശവാദം. വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായത്. ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പെടെ 8 പേരും അജിത്തിനൊപ്പം ഷിന്‍ഡെ ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിമാരായി.
ശരദ് പവാറിന്റെ വിശ്വസ്തനും പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി കഴിഞ്ഞ മാസം സ്ഥാനമേറ്റ പ്രഫുല്‍ പട്ടേലും അജിത് പവാര്‍ ക്യാമ്പിലെത്തിയത് ശരദ് പവാറിന് വലിയ തിരിച്ചടിയായിരുന്നു. എന്തായാലും ശിവസേനയ്്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ ശക്തമായൊരു പ്രാദേശിക പാര്‍ട്ടിയെ കൂടി പിളര്‍ത്തി വിഴുങ്ങിയിരിക്കുകയാണ് ബിജെപി.