ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ശക്തമായ ആസൂത്രണത്തിലാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ പിടിവിട്ട ബിജെപി കൂടുതൽ ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ നീക്കങ്ങൾ. കേരളത്തിൽ എൻഡിഎ യ്ക്ക് ഏരെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കളത്തിലിറക്കി സീറ്റ് പിടിക്കുവാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്.
വന്ദേഭാരതിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ പിന്നീട് തെളിഞ്ഞില്ല. മോദിയില്ലെങ്കിലും പ്രമുഖനായ മറ്റൊരു കേന്ദ്ര നേതാവ് തലസ്ഥാനത്ത് നിൽക്കണമെന്ന് വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ചർച്ചകൾ ഒടുവിൽ എത്തി നിൽക്കുന്നത് നിർമ്മല സീതാരാമനിലാണ്.
മധുരൈ സ്വദേശിയായ മന്ത്രി തിരുവനന്തപുരത്തിന് അന്യയായി തോന്നില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. ഓഖി കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പ്രതിഷേധം നേരിടേണ്ടിവന്ന വിഴിഞ്ഞത്ത്, തീരജനതയെ സമാശ്വസിപ്പിച്ച നിര്‍മലാ സീതാരാമനിൽ ബിജെപി സംസ്ഥാന നേതൃത്വം വിശ്വാസം അർപ്പിക്കുകയാണ്.