ഡല്‍ഹി(www.mediavisionnews.in): സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നല്‍കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ നിലപാട് ഇതാണ്. മക്ക പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. ഹജ്ജിന് സ്ത്രീകള്‍ പോകുന്നുണ്ട്. സമുദായത്തിന് അകത്തുനിന്നുതന്നെ പുരോഗമന വീക്ഷണം ഉണ്ടാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ശബരിമല വിധിയില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരം കൊള്ളിച്ച് സമരത്തിനിറക്കി താത്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്. ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണ്.
ഇഷ്ടമുള്ളവര്‍ക്ക് പോകാം ഇഷ്ടമില്ലാത്തവര്‍ പോകേണ്ട എന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ സിപിഎമ്മിന്. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഎം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഎം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.