കാസര്‍കോട് (www.mediavisionnews.in): ഒക്ടോബര്‍ 7, 8 തീയതികളില്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലയായ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. രക്ഷാ പ്രവര്‍ത്തനത്തിനായി ഒരു ബോട്ട് അഴിത്തലയില്‍ സജ്ജീകരിച്ചു. ഏതു സാഹചര്യം നേരിടുന്നതിനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സ്ട്രൈക്ക് ടീം തയ്യാറാക്കി. ആല്‍ഫ, ബീറ്റ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചു.
ആരോഗ്യ വകുപ്പിന്റെ നാലു ആംബുലന്‍സും, എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഒന്‍പത് ആംബുലന്‍സും അടിയന്തര സാഹചര്യം നേരിടുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടന്നും, എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തര ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ വെള്ളരിക്കുണ്ട്, പൂടംകല്ല് പി.എച്ച്.സികളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്.
ജില്ലാ ഫയര്‍ ഫോഴ്സ് രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം പരിപൂര്‍ണ്ണമായി സജ്ജമാക്കി. ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ (ഡിങ്കി, ലൈഫ് ജാക്കറ്റ്, വാഹനങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ) സജ്ജീകരിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പിഎച്ച്സിയില്‍ ഫയര്‍ഫോഴ്സിന്റെ ഒരു ടീം അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി ക്യാമ്പ് ചെയ്യും. സ്‌കൂബാ ടീമും അത്യാവശ്യ ഉപകരണങ്ങളായ ചെയിന്‍ സോ, ലൈറ്റ്, റോപ് എന്നിവയെല്ലാം സജ്ജമാണ്.
കോസ്റ്റല്‍ പോലീസ് മത്സ്യബന്ധന ബോട്ടുകളും, തോണികളും അടിയന്തരമായി തിരിച്ച് വരാന്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കടലോര ജാഗ്രതാ സമിതിയുടേയും, അമ്പലം, പള്ളി കമ്മിറ്റികളുടേയും സഹകരണത്തോടെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നോട്ടീസ് മുഖേനയും മൈക്ക് അനൗണ്‍സ്മെന്റ് വഴിയും നല്‍കി. ഒരു ബോട്ട് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി തയ്യാറാക്കി.
ആവശ്യമെങ്കില്‍ ഏഴ്, എട്ട് തീയതികളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട സ്‌കൂളുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഈ സ്‌കൂളുകളുടെ താക്കോല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കുവാനും നിര്‍ദേശിച്ചു. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ആംബുലന്‍സുകളില്‍ ഡ്രൈവര്‍മാരുടെ സേവനം ഉറപ്പുവരുത്തി.
മത്സ്യതൊഴിലാളികള്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ സാധിക്കാത്തതുകൊണ്ട് പ്രളയം ഉണ്ടായ സമയത്ത് വിതരണത്തിന് എത്തിച്ച അരിയില്‍ നിന്ന് കിലോയ്ക്ക് 1 രൂപ നിരക്കില്‍ 5 കി.ഗ്രാം അരി മത്സ്യതൊഴിലാളിയാണന്ന കാര്‍ഡുമായി വരുന്ന റേഷന്‍ കാര്‍ഡുളള മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കളക്ടര്‍ നിര്‍ദേശിച്ചു. എല്ലാ വില്ലേജ് ഓഫിസര്‍മാരോടും താല്‍കാലിക രക്ഷാകേന്ദ്രം തയ്യാറാക്കുവാനും രക്ഷാകേന്ദ്രമായി തിരഞ്ഞടുത്തിട്ടുളള കെട്ടിടങ്ങളുടെ താക്കോല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ശേഖരിക്കാനും നിര്‍ദേശിച്ചു.
ദുരന്തം സംഭവിച്ചാല്‍ ഉടന്‍ തന്നെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലേക്ക് 04994 257700, 94466 01700 നമ്പറുകളില്‍ വിവരംഅറിയിക്കണം.