കോഴിക്കോട്: ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിലവിൽ 28 ന് അവധി ആണ്. ഇതിനു പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചെന്നും കാന്തപുരം പറഞ്ഞു.
മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. ഏക സിവിൽകോഡ് ഭരണഘടനാ വിരുദ്ധമാണ്. അത് സാംസ്കാരിക വൈവിധ്യങ്ങളെ തകർക്കുന്നതാണ്. മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം പറഞ്ഞു.
സാമൂഹിക വിഷയങ്ങളിൽ നേരത്തേയും കാന്തപുരം അഭിപ്രായം പറയാറുണ്ട്. ദി കേരളാ സ്റ്റോറി എന്ന സിനിമക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞിരുന്നു. വെറുപ്പും കളവും മാത്രമാണ് ആ സിനിമ. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നൽകരുത്. ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു. കണ്ണൂരിൽ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. എന്നാൽ കാന്തപുരത്തിനൊപ്പം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.