മഞ്ചേശ്വരത്ത് വൻ കവർച്ച. വീട് കുത്തിത്തുറന്ന് 60 പവൻ സ്വര്‍ണവും 1.25 ലക്ഷം രൂപയും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജൻക്ഷനില് കുന്നില്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഹമീദ് തങ്ങളും കുടുംബവും തീര്‍ഥാടനത്തിന് പോയ സമയത്താണ് കവര്‍ച നടന്നത്. ഒരാഴ്ചത്തെ തീര്‍ഥാടന യാത്രകള്‍ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിനകത്ത് തന്നെയുള്ള ഹമീദ് തങ്ങളുടെ ഓഫീസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വ്യക്തമായത്. ശേഷം മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെ കിടപ്പ് മുറികളുടെ വാതിലുകള്‍ മോഷ്ടാക്കള്‍ തുറന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.