സ്നേഹം പോലെ മനോഹരമായ വികാരം മറ്റൊന്നില്ല എന്ന് പറയാറുണ്ട്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ വിവിധ വികാരങ്ങളുടെ കൂടാണ് മനുഷ്യർ എന്ന് പറയേണ്ടി വരും. വികാരം പ്രകടിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യരെപ്പോലെ മറ്റ് ജീവികളുണ്ടാവില്ല, അത്രയേറെ സമ്മിശ്രമാണത്. എന്നാൽ, മനുഷ്യർ മാത്രമാണോ അത്തരം അടുപ്പവും വികാരവും പ്രകടിപ്പിക്കുന്ന ജീവി? അല്ല എന്ന് പറയേണ്ടി വരും. മറ്റ് ജീവികളും അടുപ്പവും വികാരങ്ങളും ഒക്കെ പ്രകടിപ്പിക്കുന്ന അനേകം സംഭവങ്ങളുണ്ടാവാറുണ്ട്. ഈ സോഷ്യൽ മീഡിയ കാലത്ത് അത് തെളിയിക്കുന്ന അനേകം വീഡിയോകളും ചിത്രങ്ങളും വൈറലാവാറും ഉണ്ട്. അത്തരത്തിൽ പെട്ട ദൃശ്യങ്ങളിൽ ഒന്നാണ് ഇതും.
ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ ജീവൻ നഷ്ടപ്പെട്ട തന്റെ ഇണയുടെ അടുത്ത് നിന്നും മാറാൻ വിസമ്മതിക്കുന്ന ഒരു പക്ഷിയെയാണ് കാണാൻ സാധിക്കുന്നത്. ക്യാമറയുമായി നിൽക്കുന്ന മനുഷ്യൻ ജീവനറ്റുപോയ പക്ഷിയെ തന്റെ ഇണയുടെ അടുത്ത് നിന്നും മാറ്റാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇണപ്പക്ഷി എങ്ങനെയും അതിന് സമ്മതിക്കുന്നില്ല. എന്നാൽ, എല്ലാത്തിലും ഹൃദയഭേദകമായ രംഗമാണ് വീഡിയോയുടെ അവസാനം കാണാൻ സാധിക്കുന്നത്. ജീവനോടെയുണ്ടായിരുന്ന പക്ഷിക്കും തന്റെ ജീവൻ നഷ്ടപ്പെട്ടു.
ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ അനേകം പേരാണ് കണ്ടത്. കാണുന്ന ആരുടെയും ഹൃദയം വേദനിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. നിരവധിപ്പേർ അത് കമന്റുകളിൽ സൂചിപ്പിച്ചിട്ടും ഉണ്ട്. കണ്ണ് നനയിക്കുന്ന വീഡിയോ എന്നാണ് പലരും പറഞ്ഞത്. ഇണയെ നഷ്ടപ്പെട്ട വേദന കൊണ്ടാണോ ആ പക്ഷിക്കും ജീവൻ നഷ്ടപ്പെട്ടത് എന്ന ഒരാളുടെ ചോദ്യത്തിന് അതേ എന്ന് സുശാന്ത നന്ദ മറുപടി നൽകുന്നുണ്ട്. ഹൃദയഭേദകം എന്നല്ലാതെ മറ്റെന്താണ് ഈ വീഡിയോയെ കുറിച്ച് പറയുക?
വീഡിയോ കാണാം:
Love & Loyality 💕💕
If you have a heart, it will surely bleed at the end 😔😔 pic.twitter.com/FqnwThjOpi— Susanta Nanda (@susantananda3) June 21, 2023