സംസ്ഥാനത്ത് ജീവനെടുത്ത് പനി പടരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയടക്കം ആറുപേര്‍ ഇന്ന് മരിച്ചു. ആറില്‍ നാല് മരണവും കൊല്ലം ജില്ലയിലാണ്. വരും ദിവസങ്ങളിലും പനിയുടെ തീവ്രത കൂടുമെന്നും അതീവജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.
കേരളം പനിക്കിടക്കിയിലേക്ക് മാറുകയാണ്. സര്‍ക്കാര്‍–സ്വകാര്യ ആശുപത്രികളെല്ലാം പനി ബാധിതരേക്കൊണ്ട് നിറയുന്നു. മരണസംഖ്യ ഉയരുന്നത് പകര്‍ച്ചപ്പനിയുടെ ഭീതി ഇരട്ടിയാക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് വരെയുള്ള കണക്ക് അനുസരിച്ച് ആറ് ജീവനുകളാണ് പനിയില്‍ പൊലിഞ്ഞത്. ഇതില്‍ നാല് മരണവും ഡെങ്കിപ്പനി ബാധിച്ചാണ്. നാല് പേര്‍ മരിച്ച കൊല്ലം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മരണം. കൊട്ടാരക്കര സ്വദേശി കൊച്ചുകുഞ്ഞ് ജോണ്‍, ആയൂര്‍ വയ്യാനം സ്വദേശി ബഷീര്‍, ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യൂ.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി അഭിജിത്ത് , ചവറ സ്വദേശി അരുണ്‍ കൃഷ്ണ എന്നിവരാണ് കൊല്ലത്ത് മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി സമദും മുണ്ടുകോട്ടയ്ക്കൽ സ്വദേശിനി അഖിലയുമാണ് ഇന്ന് പനിമൂലം ജീവന്‍ നഷ്ടമായ മറ്റ് രണ്ടുപേര്‍. ഇതോടെ ഈ മാസം ഇതുവരെയുള്ള പനിമരണം 38 ആയി. ഇതില്‍ 22 എണ്ണത്തിനും കാരണം ഡെങ്കിപ്പനിയായതിനാല്‍ അതിജാഗ്രതയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തം.
മരണംപോല തന്നെ പേടിപ്പെടുത്തുന്നതാണ് ചികിത്സ തേടുന്നവരുടെയെണ്ണത്തില്‍ വര്‍ധനയും. ഈ മാസം 20 ദിവസം കൊണ്ട് പിനി പിടിച്ചത് ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കാണ്. ഇന്നലെ മാത്രം 12876 പേരും രോഗബാധിതരായി. വരും ദിവസങ്ങളിലും പനി വ്യാപനം കൂടുമെന്നും ജൂലൈയില്‍ പകര്‍ച്ചപ്പനി പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മാലിന്യനിര്‍മാര്‍ജനം മുതല്‍ മഴക്കാലപൂര്‍വ ശുചീകരണം വരെയുള്ള അടിസ്ഥാനകാര്യങ്ങളിലെ വീഴ്ചയാവാം പനി കാട്ടുതീപോലെ പടരാന്‍ കാരണം.