കാല്പന്ത് ജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കടന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ഗിന്നസ് റെക്കോർഡാണ് റോണോ കീഴടക്കിയത്. ഐലൻഡിനെതിരെ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിലാണ് താരം നേട്ടം കൊയ്തത്. തന്റെ ദേശീയ ടീമിനായി 200 മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ 89ാം മിനിറ്റിൽ പോർച്ചുഗലിന്റെ വിജയഗോൾ നേടുകയും ചെയ്തു. പോർച്ചുഗലിനായി അദ്ദേഹത്തിന്റെ 123ാം ഗോളാണ് ഇത്.
പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേരത്തേ തന്നെ അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. കുവൈത്തിന്റെ ബാദർ അൽ-മുതവയുടെ റെക്കോർഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
20 വർഷമായി താരം പോർച്ചുഗൽ ദേശീയ ടീമിന്റെ ഭാഗമാണ്. 18 വയസിൽ പോർച്ചുഗല്ലിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അദ്ദേഹം രണ്ട് പതിറ്റാണ്ടിനുള്ളിൽ ടീമിന് വേണ്ടി ഉണ്ടാക്കിയ നേട്ടങ്ങൾ ചെറുതല്ല. 2022 ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്ക് ശേഷം താരം വിരമിക്കുമെന്നുള്ള ഊഹാപോഹങ്ങൾ ഉയർന്ന് വന്നിരുന്നു. എന്നാൽ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടാൻ സമയമായില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് റോണോ.