കോഴിക്കോട് : നാദാപുരം വളയം കല്ലുനിരയിൽ മകൻ മരിച്ചതറിയാതെ അമ്മ, മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് നാൾ. വളയം മൂന്നാം കുനി രമേശനെയാണ് (45) വീട്ടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്ക് സാമൂഹ്യ പെൻഷൻ നൽകാൻ എത്തിയവരാണ് കട്ടിലിൽ മരിച്ച് കിടക്കുന്ന മകനെയും സമീപത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്. ദുർഗന്ധം വമിക്കുന്നതെന്താണെന്ന് പരിശോധിക്കാൻ വീടിനുള്ളിൽ കടന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ മകനെ കണ്ടെത്തിയത്. ജീവനക്കാര്‍ ഉടൻ പൊലീസിനെ വിവരമറിയിച്ചു.
അവിവാഹിതനായ രമേശനൊപ്പം അമ്മ മാത്രമാണുണ്ടായത്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നയാളാണ് രമേശൻ. കട്ടിലിന് സമീപം ഛർദ്ദലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വളയം പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുദിവസത്തോളം പഴക്കമുളള മൃതദേഹമാണെന്നാണ് നിഗമനം. അമ്മ മന്ദിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.