കര്‍ണാടകയില്‍ ഇപ്പോഴുള്ളത് ഒരു മതേതര സര്‍ക്കാര്‍; മഅ്ദനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ- കെ. മുരളീധരന്‍

0
186

തൊടുപുഴ: ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. അദ്ദേഹത്തിന് നീതി ലഭിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി നിഷേധിച്ചത് പോലെ പലര്‍ക്കും നീതി നിഷേധിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅ്ദനിക്ക് ജാമ്യം മാത്രമല്ല അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് കുറ്റവിമുക്തനായി പുറത്തിറങ്ങാനുള്ള അവസരം നല്‍കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് അദ്ദേഹത്തിന് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭയിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാകണം. അങ്ങനെയുള്ളവരെയാണ് കേരളത്തിലെ ജനങ്ങള്‍ വിജയിപ്പിച്ചത്.

നിലവിലെ കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടകയില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച എല്ലാ മതന്യൂനപക്ഷ വിരുദ്ധ നിയമങ്ങളും ഇല്ലായ്മ ചെയ്യാനുള്ള തീരുമാനം ഇന്നലെ കര്‍ണാടക മന്ത്രിസഭ സ്വീകരിച്ചു. അടുത്ത ജൂലൈയിലെ നിയമസഭാ സമ്മേളനത്തില്‍ നിയമം പ്രാവര്‍ത്തികമാകും, മുരളീധരന്‍ പറഞ്ഞു.

സുപ്രിം കോടതി മഅ്ദനിക്ക് ജാമ്യം അനുവദിച്ച സമയത്ത് കര്‍ണാടക പൊലീസ് യാത്ര ചെലവിനും മറ്റും ആവശ്യപ്പെട്ട തുകയെ സംബന്ധിച്ചും മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു.

കുടുംബാംഗങ്ങളെ കാണാന്‍ ജാമ്യം അനുവദിച്ചിട്ട് പോലും മഅ്ദനിക്ക് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ആദ്യമായിട്ടാണ് 60 ലക്ഷം കെട്ടിവെച്ച് പുറത്തിറങ്ങാമെന്ന ഉത്തരവ് കേള്‍ക്കുന്നത്. അദാനിക്കും അംബാനിക്കും മാത്രം കഴിയുന്ന കാര്യമാണിത്. സാധാരണക്കാരനെ സംബന്ധിച്ച് ഇത്രയും വലിയ തുക ഓര്‍ക്കാന്‍ പോലും പറ്റില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ ബി.ജെ.പി കര്‍ണാടക ഭരിക്കുമ്പോഴാണ് ഇത്രയും വലിയ ചെലവ് സുരക്ഷാ ആവശ്യങ്ങള്‍ക്ക് ആവശ്യപ്പെടുന്നത്. പത്ത് നേരം ഭക്ഷണം കഴിച്ചാല്‍ പോലും ഈ ചെലവിന്റെ പത്തിലൊന്നാകില്ല. ഭക്ഷണവും താമസവും ഫൈവ് സ്റ്റാര്‍ ഹോട്ടലിലായാല്‍ പോലും ഇത്ര വലിയ തുകയാകില്ല. ഇപ്പോള്‍ ആ ജാമ്യത്തിന്റെ കാലാവധി അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ നീതി നിഷേധത്തിനെതിരെ എല്ലാവവരും ഒറ്റക്കെട്ടായി വരുന്നത്, മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here