ക്വീന്‍സ്ലാന്‍ഡ്: സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65 കാരനെയാണ് മീന്‍ പിടിക്കുന്നതിനിടെ കാണാതായത്. ഇയാളെ കാണാതായി രണ്ട് ദിവസത്തിന് ശേഷവും തെരച്ചിലില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താതെ വന്നതോടെയാണ് പ്രദേശത്ത് കണ്ടെത്തിയ അസാമാന്യ വലുപ്പമുള്ള രണ്ട് മുതലകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നത്.
ഇവയുടെ വയറ്റില്‍ നിന്നാണ് 65കാരന്‍റെ മൃതദേഹ ഭാഗങ്ങള്‍ അധികൃതര്‍ കണ്ടെടുക്കുകയായിരുന്നു. കണ്ടെത്ത ശരീരഭാഗങ്ങളും വസ്ത്രത്തിന്‍റെ ഭാഗങ്ങളും ഡാര്‍മോദിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേപ് യോര്‍ക്കിലെ മത്സ്യ ബന്ധ സമൂഹത്തിലെ സജീവ സാന്നിധ്യമാണ് മുതലകളുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 14 അടിയോളം നീളമുള്ള രണ്ട് മുതലകളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശത്തേ തുടര്‍ന്ന് വെടിവച്ച് കൊന്നത്. ഡാര്‍മോദിയെ കാണാതായതിന് 1.5 കിലോമീറ്റര്‍ അകലെ നിന്നാണ് മുതലകളെ കണ്ടെത്തിയത്. ഒരു മുതലയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്തിയിട്ടുള്ളതെങ്കിലും ആക്രമണത്തില്‍ രണ്ട് മുതലകള്‍ക്കും പങ്കുണ്ടെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.
ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലകളിലെ കടലില്‍ മുതലകള്‍ സാധാരണമാണെങ്കിലും ആക്രമണങ്ങള്‍ കുറവായിരുന്നു. 1985 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മേഖലയിലുണ്ടാവുന്ന 13ാമത്തെ മുതലയുടെ ആക്രമണമാണ് ഡാര്‍മോദിക്ക് നേരെയുണ്ടായത്. 1974ലാണ് മുതലകളെ വേട്ടയാടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ 5000ഉണ്ടായിരുന്ന മുതലകളുടെ എണ്ണം 30000ആയി ഉയര്‍ന്നിരുന്നു. 2019ലെ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഓരോ 1.7 കിലോമീറ്ററിലും പൂര്‍ണ വളര്‍ച്ചയെത്തിയ മുതലകളുടെ സാന്നിധ്യം ക്വീന്‍സ്ലന്‍ഡില്‍ കണ്ടെത്തിയിരുന്നു. പ്രശ്നക്കാരായ മുതലകളെ പിടികൂടി മറ്റിടങ്ങളിലേക്ക് മാറ്റുന്നുണ്ടെങ്കിലും ആക്രമണകാരികളായ മുതലകളുടെ എണ്ണം കൂടുന്നതായാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.