ബിപോർജോയ് ഇന്ന് തീരം തൊടും; ഗുജറാത്തിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റടിക്കും, അതീവജാഗ്രത

0
142

ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് ഇന്ന് തീരം തൊടും. ഗുജറാത്ത്‌ തീരത്തെത്തുന്ന കാറ്റ് മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്താണ് ചുഴലിക്കാറ്റ് ആദ്യമെത്തുക.

ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന കാറ്റിന്റെ വേഗം കുറയാൻ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്ത് പൊതു ഗതാഗതവും വൈദ്യുതിയും വിച്ഛേദിച്ചു. 240 ഗ്രാമങ്ങളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. സൗരാഷ്ട്ര- കച്ച് മേഖലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കച്ചില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റും ഉണ്ട്. പോർബന്തറിൽ മഴയെത്തുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായമില്ല. കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here