വി. മുരളീധരൻ അടക്കം 10 കേന്ദ്രമന്ത്രിമാർ മത്സരിക്കും, അബ്ദുല്ലക്കുട്ടി ലക്ഷദ്വീപിൽനിന്ന്; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി

0
322

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബി.ജെ.പി. 10 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 18 രാജ്യസഭാ എം.പിമാരും ഏതാനും എം.എൽ.എമാരും മത്സരിക്കുമെന്നാണ് വിവരം. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിൽ പ്രവർത്തിക്കാനും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന മൂന്നു സീറ്റുകൾ തെരഞ്ഞെടുക്കാനുമാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം.

മന്ത്രിമാരെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ രാജ്യസഭാ എം.പിമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അടുത്തിടെ നടന്ന യോഗത്തിൽ മന്ത്രിമാർക്ക് തെരഞ്ഞെടുപ്പിനൊരുങ്ങാൻ വാക്കാൽ നിർദേശം നൽകിയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, ഭൂപേന്ദ്ര യാദവ്, ധർമേന്ദ്ര പ്രധാൻ, മൻസൂഖ് മാണ്ഡവ്യ, ഹർദീപ് പുരി, എസ്. ജയശങ്കർ, പുരുഷോത്തം രൂപാല, വി. മുരളീധരൻ തുടങ്ങിയവർക്കാണ് മത്സരത്തിനൊരുങ്ങാൻ നിർദേശം ലഭിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ന്യൂഡൽഹി പാർലമെന്റ് മണ്ഡലത്തിൽനിന്ന് മത്സരിക്കാനാണ് സാധ്യത. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഒഡീഷ, സാംബൽപൂർ, ധെൻകനൽ എന്നിവയിൽ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിക്കും. ധനമന്ത്രി നിർമല സീതാരാമൻ മധുരയിൽനിന്ന് മത്സരിക്കാനാണ് സാധ്യത. ഹർദീപ് പുരി അമൃത്സറിൽനിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും സിഖ് മേധാവിത്തമുള്ള മണ്ഡലത്തിൽനിന്നോ മത്സരിക്കും.

മൻസൂഖ് മാണ്ഡവ്യ ഗുജറാത്തിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്ന് ജനവിധി തേടും. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ജന്മനാടായ മാണ്ഡ്യയിൽനിന്ന് തന്നെ മത്സരിക്കാനാണ് സാധ്യത. മലയാളിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി അബ്ദുല്ലക്കുട്ടി ലക്ഷദ്വീപിൽനിന്ന് മത്സരിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രവൃത്തങ്ങൾ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here