കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ 5 കോടി

0
215

കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള  കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം  നിർമിക്കുന്നതിനായി  5 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനായി 5.10 കോടി രൂപയുടെ പദ്ധതി എ.കെ.എം.അഷ്റഫ് എംഎൽഎ മുഖേന ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നു.

1954 ലെ കെട്ടിടമാണ് ആരോഗ്യ കേന്ദ്രത്തിന്  നിലവിലുള്ളത്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ഇവിടെ  നേരത്തെ  പ്രസവത്തിനും കിടത്തിച്ചികിത്സയ്ക്കും കൂടി ഒട്ടേറെ പേർ എത്തിയിരുന്നു. നല്ലൊരു കെട്ടിടവും മറ്റു സൗകര്യങ്ങളും വരുന്നതോടു കൂടി കുമ്പളയുടെ  മുഖച്ഛായ തന്നെ മാറുമെന്ന  പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.  തീരദേശ മേഖലയിലെ ആരോഗ്യ മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനം ജനങ്ങളുടെ കാലങ്ങളായുള്ള സ്വപ്നമാണ്. പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നാണു നാട്ടുകാർ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here