സുരേഷ് റെയ്‌ന ക്രിക്കറ്റില്‍ രണ്ടാം ഇന്നിംഗ്‌സിന്; മടങ്ങിവരവിന് നീക്കം

0
145

കൊളംബോ: സജീവ ക്രിക്കറ്റില്‍ നിന്ന് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വരാനിരിക്കുന്ന ലങ്കൻ പ്രീമിയർ ലീഗിലെ താരലേലത്തിൽ റെയ്‌ന രജിസ്റ്റർ ചെയ്‌തു. അടുത്തിടെ ലെജന്‍ഡ് ക്രിക്കറ്റ് ലീഗില്‍ റെയ്‌ന കളിച്ചിരുന്നു.

ഐപിഎല്ലില്‍ എം എസ് ധോണി കഴിഞ്ഞാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മുഖമായിരുന്ന സുരേഷ് റെയ്‌ന. സിഎസ്കെ ആരാധകര്‍ ചിന്നത്തല എന്നാണ് റെയ്‌നയെ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയ റെയ്‌ന ഇക്കഴിഞ്ഞ ഐപിഎല്ലിൽ കമന്‍റേറ്ററുടെ റോളിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിച്ചാണിപ്പോൾ മുപ്പത്തിയാറുകാരനായ റെയ്‌ന ലങ്കൻ പ്രീമിയ‍ർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. നാളെ കൊളംബോയിൽ നടക്കുന്ന താരലേലത്തിൽ റെയ്‌നയും പേര് രജിസ്റ്റർ ചെയ്തു.

ജൂലൈ മുപ്പത്തിയൊന്നിനാണ് ലങ്കൻ പ്രീമിയർ ലീഗിന് തുടക്കമാവുക. ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ നാല് ഐപിഎൽ കിരീടനേട്ടത്തിൽ പങ്കാളിയായിട്ടുള്ള റെയ്‌ന ടീമിനായി 176 കളിയിൽ നിന്ന് 4687 റൺസെടുത്തിട്ടുണ്ട്. ഒത്തുകളി വിവാദത്തെ തുടർന്ന് സിഎസ്കെ വിലക്ക് നേരിട്ട രണ്ട് സീസണിൽ റെയ്‌ന ഗുജറാത്ത് ലയണ്‍സിന്‍റെ നായകനായിരുന്നു. റെയ്‌ന ഐപിഎല്ലിൽ ആകെ നേടിയത് 5500 റൺസ്. റെയ്‌ന 18 ടെസ്റ്റിൽ 768 റൺസും 226 ഏകദിനത്തിൽ 5615 റൺസും 78 ട്വന്‍റി 20യിൽ 1605 റൺസും ഇന്ത്യക്കായി നേടിയിട്ടുണ്ട്. രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരവും റെയ്‌നയാണ്.

വിരമിച്ച് കഴിഞ്ഞാല്‍ മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ പാടുള്ളൂ എന്ന ബിസിസിഐയുടെ ചട്ടം പാലിച്ചാണ് റെയ്‌ന ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നത്. അണ്ടര്‍ 19 മുന്‍ നായകന്‍ ഉന്‍മുക്ത് ചിന്ദ് ഹര്‍പ്രീത് സിംഗ് തുടങ്ങിയവര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിദേശ ലീഗുകളിലേക്ക് ചേക്കേറിയിരുന്നു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം യുവ്‌രാജ് സിംഗ്, റോബിന്‍ ഉത്തപ്പ എന്നിവരും വിദേശത്ത് കളിച്ചു. ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍, സുദീപ് ത്യാഗി, മന്‍പ്രീത് ഗോണി എന്നിവര്‍ മുമ്പ് ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here