ഏഴുരൂപ വരെ കുറവ്; കേരളത്തില്‍ കടന്നുകയറി ആധിപത്യം സ്ഥാപിച്ച് നന്ദിനി; ലക്ഷ്യം അമുലിനെ കീഴടക്കുക; മില്‍മയുടെ കച്ചവടം കുറഞ്ഞു; നിര്‍ദേശം തള്ളി കര്‍ണാടക

0
244

കേരളത്തിലെ മില്‍മയുടെ വിപണി പിടിച്ചടക്കി കര്‍ണാടക ബ്രാന്‍ഡായ നന്ദിനി. കേരളത്തിലെ ചെറിയ സ്‌റ്റോറുകളില്‍ വരെ നന്ദിനി ബ്രാന്‍ഡ് എത്തിയതോടെയാണ് മില്‍മയ്ക്ക് തലവേദനയായത്. അതിര്‍ത്തി കടന്നുള്ള പാല്‍വില്‍പന തിരഞ്ഞെടുപ്പിന് ശേഷം നന്ദിനി കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നന്ദിനി ഔട്ട്‌ലറ്റുകള്‍ കേരളത്തില്‍ തുറക്കുന്നത്.

രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമനായ ഗുജറാത്ത് ബ്രാന്‍ഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കര്‍ണാടകയ്ക്ക് പുറത്തേക്ക് വ്യാപിക്കുകയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നന്ദിനി ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. പക്ഷേ, തമിഴ്‌നാടിനെ ഇതുവലിയ തോതില്‍ ബാധിച്ചിട്ടില്ല. മില്‍മയെക്കാള്‍ ഏഴുരൂപ വരെ കുറച്ചാണ് നന്ദിനി കേരളത്തില്‍ പാലും പാലുത്പന്നങ്ങളും വില്‍ക്കുന്നത്. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

കേരളത്തില്‍ പാല്‍ വില്‍ക്കാനുള്ള നന്ദിനിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മില്‍മ രംഗത്തുവന്നു. പാല്‍ ഒഴികെയുള്ള ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്നതിന് മില്‍മ എതിരല്ല. ക്ഷീരകര്‍ഷകര്‍ക്ക് ദോഷകരമായ നീക്കത്തില്‍നിന്ന് നന്ദിനി പിന്മാറണമെന്നും മില്‍മ ആവശ്യപ്പെട്ടു. പാലുല്‍പാദനം കുറവുള്ള സമയങ്ങളില്‍ രണ്ട് ലക്ഷം ലിറ്റര്‍ വരെ പാല്‍ നന്ദിനിയില്‍നിന്ന് മില്‍മ വാങ്ങുന്നുണ്ട്. സീസണില്‍ നന്ദിനിയുടെ സഹായത്തോടെയാണ് മില്‍മ പാല്‍ വിപണനം ഉറപ്പുവരുത്തുന്നത് എന്നിരിക്കെ, മില്‍മയുടെ പ്രവര്‍ത്തനമേഖലയിലേക്ക് നന്ദിനി പ്രവേശിക്കുന്നത് പരസ്പരധാരണയുടെ ലംഘനമാണെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
പ്രതിദിനം 81 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന നന്ദിനി, വിവിധ പേരുകളിലായി അറുപതിലധികം പാലുല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. ഫ്രാഞ്ചൈസികള്‍ വഴി കേരള വിപണിയില്‍ ഇടപെട്ടു തുടങ്ങിയ നന്ദിനിക്ക് വന്‍ വരവേല്‍പ്പാണ് കേരളത്തില്‍ ലഭിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് വ്യക്തമായതോടെയാണ് പ്രതിരോധവുമായി മില്‍മ രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here